മേപ്പാടി > വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ശരീരാവശിഷ്ടവും കണ്ടെത്തി. ഉരുൾപൊട്ടൽ ഉണ്ടായി പതിനൊന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.
പൂർണമായും വനമേഖലയാണ് ഈ പ്രദേശം. ചെങ്കുത്തായ പാറകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടെ തിരച്ചിൽ ഏറെ ദുഷ്കരമാണ്. ശക്തമായ കുത്തൊഴുക്കും മഴയും കാരണം പുഴമുറിച്ച് കടന്ന ഈ പ്രദേശങ്ങളിൽ കാര്യമായ തിരച്ചിൽ നടത്താൻ നേരത്തെ കഴിഞ്ഞിരുന്നില്ല. വനംവകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്.
ചെറിയ ദൂരത്തിനിടയിലാണ് നാല് മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമാണെന്ന് ദൗത്യസംഘം അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ കൂടുതൽ സജീവമാക്കിയിട്ടുണ്ട്.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരൽ മലയിലുമെല്ലാം ജനകീയ തിരച്ചിൽ നടക്കുന്നുണ്ട്. എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുഞ്ചിരിമട്ടത്ത് ജനീകയമേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയടക്കം ഇന്ന് തിരച്ചിൽ നടത്തി. നേരത്തെ ആദിവാസികൾ താമസിച്ചിരുന്ന മേഖലയായിരുന്നു ഇത്. പിന്നീട് അവരെ അവിടെ നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു. ആ പ്രദേശത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഇന്നത്തെ തിരച്ചിൽ. എന്നാലവിടെ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.