കൊൽക്കത്ത> അരനൂറ്റാണ്ടിലേറെക്കാലം ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പ്രിയനേതാവ് ബുദ്ധദേബ് ഭട്ടാചാര്യയെ അവസാന നോക്കുകാണാനെത്തിയത് ആയിരങ്ങൾ. വിയോഗ വാർത്തയറിഞ്ഞതോടെ നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും വസതിയിലേക്ക് പ്രവഹിച്ചു.
ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ വിലപിക്കുന്നവർ
വെള്ളിയാഴ്ച രാവിലെ നിയമസഭയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിലും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് പൊതുദർശനം. വൈകിട്ട് വിലാപയാത്രയായി നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിലെത്തിക്കും. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും.
11 വർഷത്തോളം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ ശ്വാസതടസ്സവും തുടർന്നുള്ള ഹൃദയാഘാതവും മൂലം വ്യാഴാഴ്ച രാവിലെ 8.20ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് 2016 മുതൽ പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഭരണ നിപുണതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആശയസ്ഥൈര്യത്തിന്റെയും പ്രതീകമായ ബുദ്ധദേബിന്റെ വിടവാങ്ങലോടെ ബംഗാൾ രാഷ്ട്രീയത്തിലെ ഒരധ്യായമാണ് അസ്തമിക്കുന്നത്.