ധാക്ക
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങള് വ്യാപകമായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങൾക്കും ക്രൈസ്തവദേവാലങ്ങള്ക്കും ജാതിഭേദമെന്യേ കാവല് നിന്ന് വിദ്യാര്ഥികള്. ഹസീനയുടെ രാജിയിൽ എല്ലാവർക്കും സന്തോഷമുണ്ടെങ്കിലും ആഘോഷിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ആക്രമിച്ചും കൊള്ളയടിച്ചുമാകരുതെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞിരുന്നു. ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് കാവൽ നിൽക്കാനും ആഹ്വാനം ചെയ്തു. വിദ്യാർഥികളും മുസ്ലിം യുവജനങ്ങളും ഹിന്ദു, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് കാവൽ നില്ക്കുന്ന ചിത്രങ്ങള് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രത്തില് മുസ്ലീം ചെറുപ്പക്കരാണ് കാവല് നില്ക്കുന്നത്. പ്രക്ഷോഭത്തിന്റെ മറവിൽ പലയിടത്തും പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ആക്രമിക്കുകയും കൊള്ളയടിക്കുകയുമാണെന്ന് വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചിറ്റഗോങ് സർവകലാശാല കോ–- ഓർഡിനേറ്റർ റസ്സൽ അഹമ്മദ് പറഞ്ഞു. ന്യൂനപക്ഷ ങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാൻ എല്ലാ ജില്ലയിലും പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടി ഭയന്ന് പൊലീസുകാര് കൂട്ട അവധിയെടുത്തതോടെ ഗതാഗത നിയന്ത്രണത്തിന് അടക്കം വിദ്യാര്ഥികള് രംഗത്തിറങ്ങി.
നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത് 232 പേർ
ഷെയ്ഖ് ഹസീന പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് കടന്നതിനുശേഷം ബംഗ്ലാദേശിൽ അരങ്ങേറുന്ന വ്യാപക ആക്രമണങ്ങളിൽ 232 പേർ കൊല്ലപ്പെട്ടു. വിദ്യാർഥികൾ നടത്തിവന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ അടിച്ചമർത്തിയതിൽ ജൂലൈ 16 മുതൽ 328 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് ആഴ്ചകൾക്കുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി. പലയിടത്തും സായുധരായ അക്രമികൾ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നു. തെരുവുകളും വീടുകളും സംരക്ഷിക്കാനായി ജനങ്ങള് രാത്രിമുഴുവൻ നിരത്തിൽ നിലയുറപ്പിക്കുന്ന സ്ഥിതിയുണ്ട്.
പുതിയ ഇടക്കാല സർക്കാർ അധികാരം ഏൽക്കുന്നതോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും രാജ്യത്ത് കൊലയും ആക്രമണങ്ങളും തുടരുകയാണ്. ഷെയ്ഖ് ഹസീനയുടെ പാർടിയായ അവാമി ലീഗുമായി ബന്ധപ്പെട്ടവരെല്ലാം ഭീതിയിലാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും അവാമി ലീഗ് എംപിയുമായ മഷ്റഫെ മൊർതാസയുടെ വീട് ആക്രമിച്ചു. ആക്രമികളെ ഭയന്ന് കാറിൽ രക്ഷപ്പെടുകയായിരുന്ന നടൻ ഷാന്റോ ഖാനെയും അച്ഛനും സിനിമാ നിർമാതാവുമായ സലീം ഖാനെയും ആൾക്കൂട്ടം തല്ലിക്കൊന്നു. രാജ്യംവിടാൻ ശ്രമിച്ച അവാമി ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പൊലീസ് സ്റ്റേഷനുകളും കത്തിച്ചു. ആക്രമണം ഭയന്ന് പൊലീസുകാർ ജോലിക്ക് എത്താത്തതോടെ ക്രമസമാധാന പാലന ചുമതല വിദ്യാർഥികൾ ഏറ്റെടുത്തിരുന്നു. എന്നാൽ, വ്യാഴാഴ്ചയോടെ കുറച്ച് പൊലീസുകാർ സ്റ്റേഷനുകളിൽ മടങ്ങിയെത്തിയതായ റിപ്പോർട്ടുണ്ട്.അതിനിടെ, കാഷിംപുർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് സുബ്രതാ കുമാർ ബാലയെ മാറ്റി. കഴിഞ്ഞ ദിവസം ഇവിടെനിന്ന് 209 തടവുകാർ രക്ഷപ്പെട്ടിരുന്നു. മെയിൻ ഉദ്ദിനൈ പുതിയ സൂപ്രണ്ടായി നിയമിച്ചു. ഗാസിപുർ ജയിലിൽ തടവുകാർ സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടി. പരിക്കുകളോടെ 16 പേർ ചികിത്സയിലാണ്.