ധാക്ക > പ്രക്ഷോഭത്തിനും ഷെയ്ഖ് ഹസീനയുടെ രാജിക്കും ശേഷം ബംഗ്ലാദേശിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽക്കാലിക വിരാമം. സാമ്പത്തിക വിദഗ്ധനും സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മൊഹമ്മദ് യൂനുസ് (84) ഇടക്കാല സർക്കാരിന്റെ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയായ ബംഗഭബനിൽ വെള്ളി രാത്രി ഒമ്പതിനായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
യൂനുസ് മുഖ്യ ഉപദേശകനായി 15 അംഗ കൗൺസിലാണ് നിലവിൽ വരുന്നതെന്ന് സൈനിക മേധാവി വഖർ ഉസ് സമാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് നസ്രുൾ, ആദിലുർ റഹ്മാൻ ഖാൻ, ഹസൻ ആരിഫ്, തൗഹിദ് ഹുസൈൻ, സൈദ റിസ്വാന ഹസൻ, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, ബ്രിഗേഡിയർ ജനറൽ (റിട്ട) എം സഖാവത് ഹുസൈൻ, സുപ്രദീപ് ചക്മ, ഫരീദ അക്തർ, ബിദാൻ രഞ്ജൻ റോയ്, എ എഫ് എം ഖാലിദ് ഹസൻ, നൂർജഹാൻ ബീഗം, ഷർമിൻ മുർഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങളെന്ന് ബംഗ്ലാദേശ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
പാരിസിലായിരുന്ന യൂനുസ് വെള്ളിയാഴ്ചയാണ് രാജ്യത്ത് എത്തിയത്. ബംഗ്ലാദേശിന്റെ രണ്ടാം വിമോചനമാണ് ഷെയ്ഖ് ഹസീനയുടെ പുറത്താക്കലെന്ന് പ്രതികരിച്ച യൂനുസ്, സമാധാനത്തിനായി ആഹ്വാനം ചെയ്തു. യൂനുസിനെതിരെയുള്ള കേസുകൾ പ്രസിഡന്റ് പിൻവലിച്ചു. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ മാത്രമേ അംഗീകരിക്കൂ എന്ന് പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ നേതാക്കൾ അറിയിച്ചിരുന്നു. മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജയിൽമോചിതയായ ബിഎൻപി നേതാവ് ഖാലിദ സിയ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ നിയുക്തനായ സാമ്പത്തിക വിദഗ്ധനും നൊബേൽ ജേതാവുമായ മൊഹമ്മദ് യൂനുസിനെതിരെ ബംഗ്ലാദേശിൽ ഉണ്ടായിരുന്നത് ഇരുന്നൂറോളം കേസുകൾ. ഷെയ്ഖ് ഹസീനയുടെ നിശിത വിമർശകനായിരുന്ന യുനുസിനോടുള്ള പ്രതികാര നടപടിയാണ് കേസുകളെന്ന് അന്നേ വിമർശമുണ്ട്. ഹസീന സർക്കാർ ചുമത്തിയ തൊഴിൽ നിയമ ലംഘനക്കേസുകളിൽ നിന്ന് യൂനുസിനെ ബുധനാഴ്ച കുറ്റവിമുക്തനാക്കി. ഇടക്കാല സർക്കാരിനെ യൂനുസ് നയിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.