‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും എന്നും ഞാൻ കടപ്പെട്ടിരിക്കും. ക്ഷമിക്കൂ‘, …. വിനേഷ് ഫോഗട്ട് എക്സിൽ കുറിച്ച വാക്കുകളാണിത്.
രാജ്യം മുഴുവൻ കാത്തുവെച്ച സ്വപ്നം വെറും 100 ഗ്രാം ശരീര ഭാരത്തിന്റെ പേരിലാണ് കെടുത്തിക്കളഞ്ഞത്. ഒരു കായിക താരത്തിന് അത്രയും ഭാര വ്യത്യാസം വരിക സാധാരണമാണ്. അത് കുറയ്ക്കുക പ്രയാസമുള്ള കാര്യമല്ല. ഇക്കാര്യങ്ങൾ നമ്മുടെ ടീം ലീഡർമാർക്ക് നേരത്തെ മനസിലാകുമായിരുന്നില്ലെ.
“ഗുസ്തി ജയിച്ചു” എന്ന വിനേഷിന്റെ വാക്ക് അയോഗ്യതയ്ക്ക് പിന്നിലെ അധികാര ഗുസ്തിയെ കുറിച്ചുള്ള സൂചന വഹിക്കുന്നതായുള്ള വിലയിരുത്തലുകൾ തള്ളിക്കളയാവുന്നതല്ല.
“ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു, താങ്കൾ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം, വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നതാണല്ലോ താങ്കളുടെ സ്വഭാവം, തിരിച്ചു വരൂ… എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോഗ്യതാ വാർത്തയോട് പ്രതികരിച്ചത്.
വിനേഷ് ഫോഗട്ട് രാജ്യത്തെ കായിക പ്രേമികൾക്ക് വെറും ഗുസ്തി താരം മാത്രമായിരുന്നില്ല. സ്ത്രീകളുടെ അവകാശങ്ങൾക്കും, കായിക താരങ്ങൾക്ക് നേരെയുള്ള ചൂഷകരുടെ അധികാര മുഷ്കിനും മുന്നിൽ നേർക്കു നേർ അടരാടിയ വ്യക്തിയാണ്. ഭരണ സംവിധാനങ്ങൾ മുഴുവൻ എതിരിട്ട് നിന്നിട്ടും സമര രംഗത്ത് എല്ലാ ബഹുമതികളും ത്യജിച്ച് കൊണ്ട് അവർ ലോകത്തിന് മുന്നിൽ നിന്നു.
പ്രതിരോധത്തിന്റെ പ്രതീകമായി ഉയർന്ന വിനേഷ് പലരുടെയും ഉറക്കം കെടുത്തിയിരുന്നു. ലോകം മുഴുവൻ കൂടെ നിന്നതോടെ അവരുടെ സമരത്തിന്റെ ന്യായത്തിന് മുന്നിൽ കേന്ദ്ര ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നു. ബ്രിജ് ഭൂഷൻ എന്ന രാഷ്ട്രീയ മല്ലന് സംരക്ഷണം ദീർഘിപ്പിക്കാനായില്ല.
തോറ്റതല്ലെന്ന് ബജ്രംഗ് പുനിയ
വിനേഷ് ഫോഗട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിൽ ഗുസ്തിതാരം ബജ്രംഗ് പുനിയയുടെ പ്രതികരണവും ഇതിനിടെ ചർച്ചയായി. നീ തോറ്റതല്ല തോൽപ്പിച്ചതാണ്‘, എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ‘ഞങ്ങൾക്ക് നീ എന്നും വിജയി ആയിരിക്കും. നീ ഇന്ത്യയുടെ മകൾ മാത്രമല്ല, അഭിമാനം കൂടിയാണ്‘, വിനേഷിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അയോഗ്യത വന്ന വഴി
സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷിന്റെ അയോഗ്യത പ്രഖ്യാപിക്കപ്പെട്ടത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് അവർ ഏറ്റുമുട്ടേണ്ടിയിരുന്നത്.
50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്സിലെ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെ കീഴടക്കി. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നൈലിസ് ഗുസ്മാന് ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത് (5-0).
അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇതിനിടെ അവർ വിരമിക്കൽ സൂചന നൽകി. ഒളിന്പിക് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി ഇപ്പോഴും അവരുടെ കിരീടത്തിലുണ്ട്.
ഒളിമ്പിക്സ് മോഹം കെടുത്തിയ പരിക്കുകൾ
2013-ല്‍, തന്റെ പത്തൊന്‍പതാം വയസ്സില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞാണ് വിനേഷ് ശ്രദ്ധേയയാവുന്നത്. 2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കരുത്തയായ യന ററ്റിഗനെ അട്ടിമറിച്ച് സ്വര്‍ണവും നേടി. 2018-ല്‍ ഓസ്ട്രേലിയയിലും 2022-ല്‍ ബര്‍മിങ്ങാമിലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുകളിൽ സ്വര്‍ണമണിഞ്ഞു. 2019, 2022 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. 2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി.
2015-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ആത്മവിശ്വാസവും പ്രതീക്ഷയുമായാണ് വിനേഷ് ബ്രസീലിലെ റിയോ ഡി ജനൈറോയിലേക്ക് എത്തിയത്. 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം. ആദ്യ മത്സരത്തില്‍ റൊമാനിയയുടെ എമിലിയ അലിന വുസിനെ 11-0 ന് തകര്‍ത്ത് തുടക്കമിട്ടു. മത്സരത്തിനിടെ വലത് കൈമുട്ടിന് പരിക്കേറ്റു.
ക്വാര്‍ട്ടറില്‍ ചൈനയുടെ സുന് യനാനായിരുന്നു എതിരാളി. മത്സരം കടുത്തു മുന്നേറവേ, വിനേഷിന്റെ കാല്‍മുട്ടിന് പരിക്കേറ്റു. തുടര്‍ന്ന് അവരെ സ്ട്രെച്ചറില്‍ വഹിച്ചുകൊണ്ടുപോവേണ്ടിവന്നു. രണ്ടുവര്‍ഷം കഴിഞ്ഞാണ് പരിക്ക് പൂര്‍ണമായി ഭേദമായത്. അന്ന് വെറും 21 വയസ്സായിരുന്നു.
റിയോ-ടോക്യോ ഒളിമ്പിക്സുകള്‍ക്ക് ഇടയിലുള്ള കാലഘട്ടത്തിൽ 17 ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത വിനേഷ്, 16-ലും മെഡല്‍ നേടിയിരുന്നു. ഒന്‍പത് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും.
ടോക്യോയില്‍ നിലം പതിച്ചിട്ടും…
2019-ല്‍ കസാഖ്സ്താനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. അപ്പോഴേക്കും വിനേഷ് 53 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയിരുന്നു. കോവിഡ് കാരണം ഒരുവര്‍ഷം വൈകിയാണ് ടോക്യോ ഒളിമ്പിക്സ് നടത്തിയത്. അന്ന് ലോക ഒന്നാംനമ്പര്‍ താരമാണ് വിനേഷ്. 53 കി.ഗ്രാം വെയ്റ്റ് ക്ലാസിൽ ടോപ് സീഡും 2021-ലെ ഏഷ്യന്‍ ചാമ്പ്യനുമായി കത്തിനില്‍ക്കുന്ന സമയമായിരുന്നു
പക്ഷെ, ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനെസ കലഡ്സിന്സ്കയയോട് 9-2ന്റെ തോല്‍വി ഏറ്റുവാങ്ങി പുറത്തായി. ഇതോടെ മാനസികമായി തകര്‍ന്ന താരം ഗുസ്തിയില്‍നിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ചുരുക്കത്തിൽ, വിജയവും പരാജയവും പരിക്കും ഭാരവും അവരെ പിന്തുടർന്നു. റിയോ ഒളിമ്പിക്സില്‍ പരിക്ക് വില്ലനായി. ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ കാണാതെ പുറത്തായി. 2024 ൽ പാരീസ് ഒളിമ്പിക്സില്‍ 100 ഗ്രാം ഭാരത്തിന്റെ വ്യത്യാസത്തിൽ ഉറപ്പായിരുന്ന വെള്ളി നഷ്ടമായി. ആ നൂറ് ഗ്രാം പക്ഷെ കായിക പ്രേമികൾക്കും ദഹിക്കാവുന്നതല്ല. അങ്ങിനെ ചിന്തിക്കുന്നതിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില നിഴലുകളും കാരണമായുണ്ട്.
ഗുസ്തി താരങ്ങളെ നിശ്ചയിക്കുന്ന രാജാവിനെതിരെ
ഗുസ്തി ഫെഡറേഷൻ പ്രസിഡൻറും ബി.ജെ.പി. എം പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ് വർഷങ്ങളായി വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികാതിക്രമം ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുമായി 2023 ജനുവരിയിലാണ് മുപ്പതോളം ഗുസ്തിതാരങ്ങൾ രംഗത്തുവന്നത്. രാജ്യതലസ്ഥാനത്ത് ദിവസങ്ങളോളം തെരുവിലിറങ്ങി താരങ്ങൾ പ്രതിഷേധം തുടരേണ്ടി വന്നു. നടപടിക്ക് പകരം പോലീസ് സേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചു.
പക്ഷെ, ഇത് ലോകമെമ്പാടും വലിയ വാർത്തയായി. അന്താരാഷ്ട്രവേദികളിൽ നേടിയ മെഡലുകൾ ഗംഗയിൽ വലിച്ചെറിയുമെന്ന് കായിക താരങ്ങൾ പ്രഖ്യാപിച്ചു. ജന്തർമന്തറിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ചുനടത്തിയ താരങ്ങൾക്കുനേരേ പോലീസ് അതിക്രമമുണ്ടായി. ആ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു വിനേഷ്.
സമരം വലിയ പിന്തുണ നേടിയതോടെ ബ്രിജ്ഭൂഷണെ മാറ്റിയെങ്കിലും അയാളുടെ അനുയായികളെ ഉൾക്കൊള്ളിച്ച് ഗുസ്തി ഫെഡറേഷൻ പുനഃസംഘടിപ്പിക്കയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പ്രതിഷേധവുമായി താരങ്ങൾ വീണ്ടുമെത്തി. തനിക്കുലഭിച്ച ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെ നടപ്പാതയിൽ ഉപേക്ഷിച്ച് വിനേഷ് പ്രക്ഷോഭം ശക്തമാക്കി.
പുതിയ ഫെഡറേഷനെ കായികമന്ത്രാലയത്തിന് സസ്പെൻഡ് ചെയ്യേണ്ടി വന്നു. കൃത്യമായ പരിശീലനവും ദേഹപരിപാലനവുമൊക്കെ നടത്തേണ്ട താരങ്ങൾക്ക് ഒളിമ്പിക്സിന് തൊട്ടുമുൻപുള്ള ഒരുവർഷമാണ് സമരവേദിയിൽ ഹോമിക്കേണ്ടിവന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി 53 കിലോ വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചുകൊണ്ടിരുന്നത്. 2019-ലും 2022-ലും ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതും ഈ വിഭാഗത്തിലാണ്.
53 കിലോ വിഭാഗത്തിൽ തുടങ്ങി, പക്ഷെ 50 ലേക്ക് മാറാൻ നിർബന്ധിതമായി
കഴിഞ്ഞവർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ 53 കിലോ വിഭാഗത്തിൽ വെങ്കലം നേടുകവഴി യുവതാരം ആന്റിം പംഘൽ ഈ ഭാരവിഭാഗത്തിലെ ഒളിമ്പിക് ക്വാട്ടയ്ക്ക് അർഹയായി. ക്വാട്ട ലഭിച്ചവർ അതത് വിഭാഗത്തിൽ മത്സരിക്കട്ടെയെന്ന് ഗുസ്തി ഫെഡറേഷൻ തീരുമാനമെടുത്തു. ഇതോടെ വിനേഷ് ഫോഗട്ടിന് 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറേണ്ടിവന്നു. ഏപ്രിലിൽ കിർഗിസ്താനിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ വിജയിച്ച് വിനേഷ് 50 കിലോ വിഭാഗത്തിലായി പാരീസ് ഒളിമ്പിക്സിൽ മത്സരിക്കേണ്ടി വന്നു.
സീഡിങ്ങില്ലാതെ ഇറങ്ങേണ്ടിവന്നതിനാൽ വിനേഷിന് ആദ്യറൗണ്ടിൽ എതിരാളിയായിക്കിട്ടിയത് ജാപ്പനീസ് താരം യൂയി സുസാകിയെയാണ്. ലോകചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും എതിരാളികൾക്ക് ഒരു പോയിന്റുപോലും വിട്ടുനൽകാത്ത താരമാണ്. നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനും കൂടിയായ സുസാകി ആദ്യമായി വിഷിൽ നിന്നാണ് പരാജയം രുചിച്ചത്.
അഞ്ചുവർഷത്തിനിടെ 82 മത്സരങ്ങൾ പരാജയമറിയാതെ പിന്നിട്ടാണ് സുസാകി ഒളിമ്പിക്സിനെത്തിയത്. അവരെ മാത്രമല്ല യൂറോപ്യൻ ചാമ്പ്യൻ യുക്രൈന്റെ ഒക്സാന ലിവാച്ചിനെയും പാൻ അമേരിക്കൻ ചാന്പ്യൻ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനെയും തുടർന്നുള്ള മത്സരങ്ങളിൽ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലിൽ കടന്നത്.
ഭാരമായ 100 ഗ്രാം
ഗുസ്തി എന്ന കായിക ഇനത്തിനായുള്ള ആഗോള കായികസംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങിന്റെ നിയമാവലിയനുസരിച്ച് രണ്ടുഘട്ടത്തിലായാണ് മത്സരങ്ങൾക്കുമുന്നോടിയായി ഭാരപരിശോധന. രണ്ടുദിവസങ്ങളിലായാണ് മത്സരങ്ങൾ. രണ്ടുദിവസവും രാവിലെയാണ് ഭാരപരിശോധന. ആദ്യറൗണ്ട് മത്സരങ്ങൾക്കു മുന്നോടിയായി നടത്തിയ പരിശോധനയിൽ വിനേഷ് 50 കിലോഗ്രാമിനുള്ളിൽത്തന്നെയായിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലത്തെ പരിശോധനയിൽ നൂറുഗ്രാമോളം കൂടുതൽ കണ്ടു എന്നാണ് പറയുന്നത്. 53 കിലോ വിഭാഗത്തിൽ തുടങ്ങി, പക്ഷെ 50 ലേക്ക് മാറാൻ നിർബന്ധിതമായതാണ് അവർ.
നിയമമനുസരിച്ച് തൂക്കക്കൂടുതൽ അയോഗ്യതയാണ്. അതിൽ പിന്നീടൊരു മാറ്റവുമുണ്ടാകില്ല. ചൊവ്വാഴ്ചത്തെ മത്സരങ്ങൾക്കുശേഷം വിനേഷിന്റെ ഭാരക്കൂടുതൽ മനസ്സിലാക്കിയിരുന്നു. കഠിനമായി പലവിധത്തിലുള്ള വ്യായാമംചെയ്തും രക്തംവരെ നിയന്ത്രിതമായി നീക്കിയും മുടിവെട്ടിയും ശരീരഭാരം കുറയ്ക്കാൻ താരം കഠിനാധ്വാനംചെയ്തു. പക്ഷേ, അന്തിമപരിശോധനയിൽ അതു വിജയിച്ചില്ല. അയോഗ്യത പ്രഖ്യാപിക്കപ്പെടുമ്പോൾ നിർജലീകരണംവന്ന് ആശുപത്രിയിലായിരുന്നു വിനേഷ്.