തിരുവനന്തപുരം> സമഗ്ര ശിക്ഷാ കേരളത്തിനായുള്ള കേന്ദ്രവിഹിതം തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളം വ്യവസ്ഥകൾ പാലിക്കാത്തതുകൊണ്ടാണ് 2023- 24 സാമ്പത്തികവർഷം സമഗ്ര ശിക്ഷാ പദ്ധതിയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കാത്തതെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ അറിയിച്ചിരിക്കുന്നു.
കേരളം 2023- 24ലെ അവസാന ഗഡുക്കൾക്കുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കാതെ വന്നപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴാണ് പിഎംശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പുവയ്ക്കാമെന്ന ഉറപ്പ് നൽകണമെന്ന് അറിയിച്ചത്. ഉറപ്പ് നൽകിക്കൊണ്ടുള്ള കത്ത് കേന്ദ്ര സർക്കാരിന് നൽകിയിട്ടും സാങ്കേതിക കാരണങ്ങൾ കാണിച്ച് ആ ഫണ്ട് അനുവദിച്ചില്ല.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാലേ ഫണ്ട് അനുവദിക്കുകയുള്ളൂ എന്ന വ്യവസ്ഥ വാക്കാലുള്ള നിർദേശങ്ങൾ മാത്രമാണ്. പിഎം ശ്രീ പദ്ധതി 2020ലെ ദേശീയ വിദ്യാഭ്യാസനയം ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയാണ്. കേരളം 2020ലെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയിട്ടില്ല. അതിനാൽ, ഈ പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന് നിർബന്ധം പിടിക്കുന്നതും അക്കാരണം പറഞ്ഞ് ഫണ്ട് തടഞ്ഞുവയ്ക്കുന്നതും അധാർമികമാണെന്നും മന്ത്രി പറഞ്ഞു.