ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ചൂണ്ടിക്കാട്ടി. ശിക്ഷ 10 വർഷത്തിൽനിന്ന് ജീവപര്യന്തമായി ഉയർത്തി ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന മതപരിവർത്തനം തടയൽ നിയമഭേദഗതി വ്യത്യസ്ത സമുദായക്കാർ തമ്മിലുള്ള വിവാഹങ്ങളെ ലക്ഷ്യംവച്ചാണ്.
അസമിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഭൂമി ഇടപാടിനെ ‘ഭൂമി ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് ഇത് തടയാൻ നിയമം കൊണ്ടുവരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയെ ഇത്തരം ഇടപാടുകൾ നടത്താൻ പാടുള്ളുവത്രെ.
വ്യത്യസ്ത സമുദായക്കാർ തമ്മിലുള്ള വിവാഹം തടയാൻ യുപി മാതൃകയിൽ നിയമം കൊണ്ടുവരാൻ അസം മുഖ്യമന്ത്രിയും ആലോചിക്കുന്നു. നക്സലിസം അടിച്ചമർത്താനെന്ന പേരിൽ, എല്ലാ വിയോജിപ്പുകളും ക്രിമിനൽക്കുറ്റമായി കരുതാനുള്ള ബിൽ(സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ബിൽ) മഹാരാഷ്ട്ര സർക്കാർ അവതരിപ്പിച്ചു.
കാവടി യാത്രാ റൂട്ടിലെ വ്യാപാരികളും തെരുവ് കച്ചവടക്കാരും പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ന്യൂനപക്ഷങ്ങളെ ഉന്നംവച്ച് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾ ഇറക്കി. ഈ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട്, ബിജെപിക്ക് കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കേണ്ടി വന്നെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിലാണ് മോദി പെരുമാറുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.