ബംഗളൂരു
ഷിരൂർ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തിവയ്ക്കാനാകില്ല. കേരള സർക്കാരിനെക്കൂടി സഹകരിപ്പിച്ച് തിരച്ചിൽ നടത്തണമെന്നും ഹൈക്കോടതി കർണാടക സർക്കാരിന് നിർദേശം നൽകി. ഹർജി 12ന് വീണ്ടും പരിഗണിക്കും.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ദൗത്യം അഞ്ചുദിവസം നിർത്തിവച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഷിരൂരിലെ മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിലെ അലംഭാവവും ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കർണാടക സർക്കാരിനോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തൽസ്ഥിതി വിശദീകരിച്ച് കർണാടക സർക്കാർ കഴിഞ്ഞയാഴ്ച റിപ്പോർട്ട് നൽകി. ഇതുകൂടി പരിശോധിച്ചാണ് കോടതി ഉത്തരവ്. അർജുനായുള്ള തിരച്ചിൽ 14-–-ാം ദിവസം കർണാടക അവസാനിപ്പിച്ചു. തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.