ധാക്ക > ജൂൺ ആദ്യവാരത്തിലാണ് വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ അണപൊട്ടിയത്. മൂന്നുമാസം പിന്നിടുമ്പോൾ പ്രക്ഷോഭജ്വാലയിൽ ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ നിലംപൊത്തി. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. എന്നാൽ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. അതിന്റെ വില ഷേയ്ഖ് ഹസീനയ്ക്ക് നൽകേണ്ടിവന്നു.
വിമോചന പ്രക്ഷോഭകരുടെ കുടുംബാംഗങ്ങൾക്കുള്ള സംവരണനയത്തിനെതിരെ 2013ലാണ് ആദ്യപ്രക്ഷോഭമുണ്ടായത്. പ്രക്ഷോഭവേദി തലസ്ഥാനമായ ധാക്ക തന്നെ. എന്നാൽ 2018ലെ രണ്ടാം സംവരണ പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചു. സ്വാതന്ത്ര്യസമരസേനാനി കുടുംബാംഗങ്ങൾക്കുളള സംവരണം അവരുടെ ചെറുമക്കൾക്കുകൂടി നൽകാൻ തീരുമാനിച്ചതാണ് പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത്. സർവകലാശാലകളിലേക്ക് പ്രക്ഷോഭം പടർന്നതോടെ സർക്കാരിന് സംവരണനയത്തിൽ മാറ്റം പ്രഖ്യാപിക്കേണ്ടിവന്നു.
എന്നാൽ, 2024ൽ ഹൈക്കോടതി ഉത്തരവോടെ പഴയ സംവരണനയം വീണ്ടും നിലവിൽവരുന്ന സ്ഥിതിയായി. തെരുവിലിറങ്ങിയ പ്രക്ഷോഭകരെ അവാമിലീഗ് നേരിട്ടത് സ്ഥിതി വഷളാക്കി. ജനുവരി ഏഴിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ നാലാം ഊഴം ഉറപ്പിച്ച ഷേയ്ഖ് ഹസീനയുടെ സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു. വിദ്യാർഥികളെ നേരിടാൻ പട്ടാളത്തെ വിളിക്കേണ്ട ഗതികേടുണ്ടായി. കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവും ഇറക്കി. രാജ്യമെമ്പാടും കർഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതി കൈവിട്ടുപോകുന്ന ഘട്ടത്തിലാണ് സംവരണം വെട്ടിക്കുറച്ച് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. സർക്കാരിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, ജനകീയരോഷം ഷെയ്ഖ് ഹസീനയിലേക്ക് തിരിയുന്നതാണ് പിന്നീട് കണ്ടത്. സർക്കാർ സ്വീകരിച്ച നടപടികളെല്ലാം പ്രക്ഷോഭം ആളിക്കത്താനുള്ള ഇന്ധനമായി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കുടുംബക്കാർക്കല്ലാതെ, റസാഖർമാരുടെ കുടുംബാംഗങ്ങൾക്കാണോ സംവരണം നൽകേണ്ടത് എന്ന ഷെയ്ഖ് ഹസീനയുടെ പ്രസ്താവന ഉദാഹരണം മാത്രം. വിമോചനസമരക്കാർക്കെതിരെ വെടിയുതിർത്ത പാക് അനുകൂല കൂലിപ്പട്ടാളമാണ് റസാഖർമാർ.
വീണത് കരുത്തുറ്റ ഭരണാധികാരി
ലോകം കണ്ട കരുത്തുറ്റ വനിതാ നേതാക്കളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറും, ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും. എന്നാൽ അവരേക്കാള് കൂടുതൽകാലം അധികാരത്തിലിരുന്ന നേതാവാണ് ഷെയ്ഖ് ഹസീന. നാലാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ് ഏഴ് മാസം മാത്രം പിന്നിടുമ്പോഴാണ് അവര്ക്ക് ജനകീയ പ്രക്ഷോഭത്തെ ഭയന്ന് രാജ്യം വിടേണ്ടിവന്നത്.
1996 –- 2001 നുശേഷം, 2009 ലാണ് ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുന്നത്. പിന്നീട് തുടർച്ചയായി മൂന്നു തവണ. ശക്തരായ രാഷ്ട്രീയ എതിരാളിപോലും അവര്ക്ക് ഉണ്ടായിരുന്നില്ല. 1975ൽ ബംഗ്ലാദേശിൽ നടന്ന സൈനിക അട്ടിമറിയാണ് ഷെയ്ഖ് ഹസീനയെ ദേശീയനേതൃത്വത്തിലേക്ക് ഉയർത്തിയത്. അട്ടിമറിയെ തുടര്ന്ന് ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രിയായ പിതാവ് ഷെയ്ഖ് മുജീബുര് റഹ്മാനെയും, ഉമ്മയെയും മൂന്ന് സഹോദരങ്ങളെയും ഹസീനയ്ക്ക് നഷ്ടമായി. അട്ടിമറി നടക്കുമ്പോൾ അവർ ജർമനിയിലായിരുന്നു. ജീവന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇന്ത്യയിൽ അഭയം തേടി. പിന്നീട് ബംഗ്ലാദേശിലേക്ക് മടങ്ങി, അവാമി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. പലതവണ തടവിലായി. മതമൗലികവാദികളോട് അവര് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. വികസന പ്രവർത്തനങ്ങളില് ശ്രദ്ധിച്ചതും രോഹിന്ഗ്യന് അഭയാർഥികകൾക്ക് അഭയം നൽകിയതുമെല്ലാം അവരുടെ ജനപ്രീതി വർധിപ്പിച്ചു. എന്നാല് ചില ഏകാധിപത്യ സമീപനങ്ങൾ വിമർശം വിളിച്ചുവരുത്തി.
രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ബിഎൻപി നേതാവ് ഖാലിദ സിയ ഇപ്പോഴും വീട്ടുതടങ്കലിലാണ്. പ്രതിപക്ഷ പാർടി നേതാക്കൾക്കെതിരെ നാലു ലക്ഷം കേസുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ക്രമക്കേട് ആരോപണം ഉയർന്നു.
‘രാഷ്ട്രീയ തിരിച്ചുവരവ് ഉണ്ടാകില്ല’
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് മകനും മുൻ ഉപദേഷ്ടാവുമായ സജീബ് വാസെദ് ജോയ് പറഞ്ഞു. സ്വന്തം സുരക്ഷയും കുടുംബത്തിന്റെ നിർബന്ധവും പരിഗണിച്ചാണ് അവർ രാജ്യം വിട്ടതെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സജീബ് പറഞ്ഞു. ഞായർ മുതൽ ഹസീന രാജിവയ്ക്കുന്നത് പരിഗണിക്കുകയായിരുന്നു. രാജ്യത്തിനുവേണ്ടി ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കുമൊടുവിൽ ഒരു ചെറുവിഭാഗം തനിക്കെതിരെ പ്രക്ഷോഭം ഉയർത്തിയതിൽ അവർ നിരാശയായിരുന്നു. അധികാരമേറ്റപ്പോൾ സാമ്പത്തിക പതനം നേരിടുകയായിരുന്ന രാജ്യത്തെ ഇത്രയും മെച്ചപ്പെടുത്തിയത് അവരുടെ ഭരണമാണ്’–- സജീബ് പറഞ്ഞു.
നിരത്തുകളിൽ കൊള്ള, മ്യൂസിയം കത്തിച്ചു
രാജ്യം പൊടുന്നനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തിയതോടെ വ്യാപകമായ കൊള്ളയടിക്കും അരാജകത്വത്തിനും സാക്ഷിയായി ബംഗ്ലാദേശ് തെരുവുകൾ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ ആയിരങ്ങൾ കടന്നുകയറി. വസ്തുവകകൾ നശിപ്പിച്ചു. കസേരകളും ടിവിയും സാരികളും കടത്തിക്കൊണ്ടുപോയി. അടുക്കളയില് ഭക്ഷണം കഴിച്ചും ഹസീനയുടെ കിടക്കയില് കിടന്നും ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ധാക്കയിലെ വംഗബന്ധു മ്യൂസിയത്തിന് പ്രക്ഷോഭകർ തീയിട്ടു. രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയാണ് ബംഗബന്ധു മ്യൂസിയം ആക്കിയത്. ധാക്കയിലെ പ്രധാനപാതയായ ബിജോയ് സരണിയിലുള്ള ഷെയ്ഖ് മുജീബുര് റഹ്മാന്റെ പ്രതിമയും തകര്ത്തു. അവാമി ലീഗിന്റെ ഓഫീസും കത്തിച്ചു. നിരത്തുകളിലെ കടകളും ചന്തകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.
സംവരണത്തിന്റെ ഗുണം ആര്ക്ക്
ഷെയ്ഖ് മുജീബുര് റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗായിരുന്നു ബംഗ്ലാദേശ് സ്വാതന്ത്ര്യപോരാട്ടത്തിന്റെ ആണിക്കല്ല്. പ്രതിപക്ഷ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശ് നാഷണൽ പാർടിയും വിമോചന പോരാട്ടത്തെ പിന്നിൽനിന്നു കുത്തിയെന്നാണ് അവാമി ലീഗിന്റെ നിലപാട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരസേനാനി കുടുംബങ്ങൾക്കുള്ള സംവരണത്തിന്റെ ഗുണഭോക്താക്കൾ അന്തിമമായി അവാമി ലീഗ് നേതാക്കളുടെ കുടുംബങ്ങളാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. ബംഗ്ലാദേശ് വർക്കേഴ്സ് പാർടി സംവരണത്തിൽ പരിഷ്കാരം വേണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളെ പൊലീസ് വേട്ടയാടുന്നതിനെ കമ്യൂണിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ് (സിപിബി) ശക്തമായി അപലപിച്ചു.
ഭരണമാറ്റം ഇന്ത്യക്ക് തിരിച്ചടി
സ്വന്തം ലേഖകൻ
ന്യൂഡൽഹി > അയൽരാജ്യമായ ബംഗ്ലാദേശിൽ പെട്ടെന്നുണ്ടായ ഭരണമാറ്റം ഇന്ത്യക്ക് നയതന്ത്ര–- സുരക്ഷാ–- സാമ്പത്തിക തലങ്ങളിൽ തിരിച്ചടി. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഹസീന. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീവ്രഹിന്ദുത്വ ശക്തികള് അധികാരത്തിലെത്തിയ ഘട്ടത്തിലും സൗഹൃദത്തിൽ കുറവുണ്ടായില്ല. ബംഗ്ലാദേശിലെ പുതിയ സർക്കാരിൽ മതമൗലികവാദികൾക്ക് നിർണായക സ്വാധീനമുണ്ടായിരിക്കും എന്ന് ഉറപ്പായതിനാൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാണ്. ഷെയ്ഖ് ഹസീന രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെട്ട ഘട്ടത്തിൽ യാതൊരു ഇടപെടലും കേന്ദ്രത്തിലെ പുതിയ എൻഡിഎ സർക്കാർ നടത്തിയില്ല. ബംഗ്ലാദേശിലേത് അവിടുത്തെ ആഭ്യന്തര വിഷയമാണെന്നാണ് വിദേശ മന്ത്രാലയം നിലപാടെടുത്തത്.
എന്നാൽ മറുവശത്ത് ഷെയ്ഖ് ഹസീനയോട് ശത്രുത പുലർത്തുന്ന അമേരിക്കയും മറ്റുമാകട്ടെ ബംഗ്ലാദേശിലെവിഷയങ്ങളിൽ തുടർച്ചയായി ഇടപെട്ടു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് യുഎസ് അംബാസഡർ പീറ്റർ ഹാൻസ് പരസ്യമായി പ്രസ്താവിച്ചു. എന്നാൽ, ബംഗ്ലാദേശ് രൂപീകരണത്തിന് വഴിയൊരുക്കിയ ഇന്ത്യ ഈ ഘട്ടങ്ങളിലെല്ലാം മൗനം തുടർന്നു. രൂപീകരണത്തിന് ശേഷവും നിർണായകമായ രാഷ്ട്രീയ ഇടപെടലുകൾ ഇന്ത്യ നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ് സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാനെയും ഭാര്യയെയും മൂന്ന് മക്കളെയും 1975 ആഗസ്ത് 15ന് സൈന്യം കൊലപ്പെടുത്തിയപ്പോഴും ഇന്ത്യ ഇടപെട്ടു. അന്ന് ജർമ്മനിയിലായിരുന്ന ഷെയ്ഖ് ഹസീനയ്ക്കും കുടുംബത്തിനും ഇന്ത്യ അഭയമൊരുക്കി.
ഡൽഹി പണ്ഡാര റോഡിൽ 1981 വരെ ഷെയ്ഖ് ഹസീന കഴിഞ്ഞു. ഊർജ്ജം, പശ്ചാത്തലസൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ അടുത്ത സഹകരണമാണ് ഇന്ത്യയും ബംഗ്ലാദേശുമായുള്ളത്. അവിടുത്തെ ആഭ്യന്തര പ്രതിസന്ധി ഈ സഹകരണത്തെ ബാധിക്കും. ഒപ്പം മതമൗലികവാദികൾ ഭരണത്തിൽ സ്വാധീനം ഉറപ്പിക്കുന്നത് ബംഗ്ലാദേശിലെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളെയും പിന്നോട്ടടിക്കും. അതിർത്തിയിലെ സ്ഥിതിയും മോശപ്പെടും.