വിതുര> ആര്യനാട് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ പൊലീസുകാരനടക്കം നാലുപേർ മുങ്ങിമരിച്ചു. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറായ കോട്ടയ്ക്കകം പൊട്ടൻചിറ ശ്രീ നിവാസിൽ വി അനിൽകുമാർ (50), മകൻ അമൽ (13), സഹോദരന്റെ മകൻ കുളത്തൂർ വൈകുണ്ഡം ഭവനിൽ അദ്വൈത് (22), സഹോദരിയുടെ മകൻ കൈലാസത്തിൽ ആനന്ദ് (25) എന്നിവരാണ് മരിച്ചത്.
ഞായർ വൈകിട്ട് അഞ്ചോടെയാണ് സംഭവം. അവധി ദിവസം വീട്ടിലെത്തിയ ആനന്ദിനും അദ്വൈതിനുമൊപ്പമാണ് അനിൽകുമാറും മകൻ അമലും കരമനയാറ്റിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട അമലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്നുപേരും ചുഴിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നാലുപേരുടെയും മൃതദേഹം പുറത്തെടുത്തു. ആര്യനാട് സിഎച്ച്സിയിലെത്തിച്ച മൃതദേഹങ്ങൾ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
കുളത്തൂർ സ്വദേശികളായ അനിൽകുമാറും മകൻ അമലും കുറച്ചു നാളായി ആര്യനാട് വാടകയ്ക്ക് താമസിക്കുകയാണ്. ഇവരെ കാണാനാണ് ജേഷ്ഠന്റെ മകൻ അദ്വൈതും സഹോദരിയുടെ മകൻ ആനന്ദും ആര്യനാട് എത്തിയത്. കരമനയാറിനോട് ചേർന്നുള്ള പുരയിടത്തിൽ കൃഷിപ്പണിക്കുശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
സരിതയാണ് അനിൽകുമാറിന്റെ ഭാര്യ. അമലിനെക്കൂടാതെ ഇവർക്ക് ഒരു മകൻകൂടിയുണ്ട്. അനിൽകുമാറിന്റെ സഹോദരൻ സുനിൽകുമാറി(അണ്ടർ സെക്രട്ടറി, സെക്രട്ടറിയറ്റ്)ന്റെയും മിനി(സെക്രട്ടറിയറ്റ്)യുടെയും മകനാണ് അദ്വൈത് (അപ്പു). സഹോദരങ്ങൾ: സുമി, രാമു. കുളത്തൂർ കൈലാസത്തിൽ ശ്രീപ്രിയ(നിയമസഭാ ജീവനക്കാരി)യുടെയും സനൽകുമാറി(എയർപോർട്ട്, ചെന്നെ)ന്റെയും മകനാണ് മരിച്ച ആനന്ദ്. സഹോദരൻ അരവിന്ദ്.