ഒളിമ്പിക്സിൽ കന്നി സ്വർണം നേടിയിരിക്കുകയാണ് ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനൽ മത്സരത്തിൽ സ്‌പെയിനിന്റെ കാർലോസ് അൽക്കരാസിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മെഡൽ നേട്ടത്തോടെ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തമാക്കി.
സ്വർണം നേടിയതും തന്റെ കുടുംബത്തിന് അടുത്തേക്കാണ് ജോക്കോവിച്ച് ഓടിയെത്തിയത്. ഗ്യാലറിയിലിരുന്ന മകളെ താരം കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. ഒളിമ്പിക്സിലെ മെഡൽ നേട്ടം മറ്റൊരു റെക്കോർഡിനും ജോക്കോവിച്ചിനെ ഉടമയാക്കി. സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് ശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും (കരിയര്‍ ഗോള്‍ഡന്‍സ്ലാം) നേടുന്ന താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.