കൽപ്പറ്റ> പുത്തുമലയുടെ നെഞ്ചുകീറിയ പുഴയിപ്പോൾ ശാന്തമാണ്. മലയടിവാരത്തിലൂടെയാണ് പൊട്ടിയൊലിക്കുന്ന ചൂരൽമലയിലേക്ക് ആംബുലൻസും സേനാ വാഹനവ്യൂഹങ്ങളും ലൈറ്റിട്ട് പായുന്നത്. കടന്നുപോകുന്നവരുടെ കണ്ണുകളെല്ലാം പച്ചക്കാട്ടിലേക്ക് ഉയരും. അകലെ കുന്നിൻമുകളിൽ 17 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിന്റെ ഈ പ്രഭവകേന്ദ്രം കാണാം. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയ ഗ്രാമത്തിന്റെ ശേഷിപ്പുകൾ റോഡോരത്തുണ്ട്. തേയിലക്കാടുകളുടെ വിങ്ങൽ ഇപ്പോഴും ശമിച്ചിട്ടില്ല.
പുത്തുമലയെ ഇല്ലാതാക്കിയ ദുരന്തത്തിന് അഞ്ചാണ്ട് തികയുകയാണ്. കേരളം മുങ്ങിയ 2019 ആഗസ്ത് എട്ടിനായിരുന്നു പുത്തുമലയുടെ മുകളിൽനിന്ന് പച്ചക്കാട് കുത്തിയൊലിച്ചത്. വൈകിട്ട് നാലിന് ഉരുൾപൊട്ടി പുത്തുമല ചാലിയാറിലേക്ക് ഒഴുകി. നൂറിലധികം വീടുകളും 17 മനുഷ്യജീവനും ഒലിച്ചുപോയി. വാഹനങ്ങളും വളർത്തുമൃഗങ്ങളും മണ്ണടിഞ്ഞു. ഹെക്ടർ കണക്കിന് ഭൂമി നാമാവശേഷമായി. മണിക്കൂറുകൾക്ക് മുമ്പ് പ്രദേശത്തെ ഭൂരിപക്ഷംപേരെയും ഒഴിപ്പിച്ച ജാഗ്രതയാണ് വൻദുരന്തം ഒഴിവാക്കിയത്. ഒലിച്ചുപോയ വീടുകളിൽ താമസിച്ചിരുന്നത് നാനൂറോളം പേരായിരുന്നു.
തിരച്ചിലിൽ 12 മൃതദേഹം ലഭിച്ചു. കാണാതായ അഞ്ചുപേരെ മരിച്ചതായി പരിഗണിച്ച് സർക്കാർ ആനുകൂല്യം നൽകി. പൂത്തറത്തൊടി ഹംസ, എടക്കാടൻ നബീസ, കന്നങ്കാടൻ അബൂബക്കർ, നാച്ചിവീട്ടിൽ അവറാൻ, ഹാരിസൺ എസ്റ്റേറ്റ് തൊഴിലാളി അണ്ണയ്യൻ എന്നിവരെയാണ് കാണാതായത്. പുത്തുമലക്കാരെ സർക്കാർ മേപ്പാടി പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിച്ചു. സംഘടനകളുടെ സഹകരണത്തോടെ 63 വീട് നിർമിച്ചുനൽകി. ശേഷിച്ചവർക്ക് വീടും സ്ഥലവും വാങ്ങാൻ പണം നൽകി.
ജീവിതം വീണ്ടും തളിരിടുമ്പോഴാണ് തൊട്ടടുത്ത ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുളെടുത്തത്. പുത്തുമല ദുരന്തത്തിന്റെ ദുരനുഭവം പേറുന്നവരായിരുന്നു ഇവരും. പുത്തുമലയിൽനിന്ന് മൂന്ന് കിലോമീറ്റർമാത്രം അകലെയാണ് ചൂരൽമല. പുത്തുമലക്കാരുടെയും അങ്ങാടിയായിരുന്നു ഇത്. അഞ്ചുകിലോമീറ്ററാണ് പുത്തുമലയ്ക്കും മുണ്ടക്കൈക്കും ഇടയിൽദൂരം.