ന്യൂഡൽഹി> വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമനിർമാണത്തിന് മോദിസർക്കാർ ഒരുങ്ങുന്നു. 1995ലെ കേന്ദ്രവഖഫ് നിയമത്തിൽ നാൽപ്പതോളം ഭേദഗതി നിർദേശിക്കുന്ന ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ബിൽ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകിയതായി ദേശീയമാധ്യമം റിപ്പോർട്ടുചെയ്തു. വഖഫ് ബോർഡുകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളത്.
വസ്തുവകകൾ വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള ബോർഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് പ്രധാന ഭേദഗതി. സ്വത്ത് വഖഫ് ബോർഡ് ഏറ്റെടുക്കാനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കും. സ്വത്ത് വഖഫ് ഏറ്റെടുക്കുന്നതിനു മുമ്പ് സർക്കാർ ഏജൻസികളുടെ പരിശോധന നിർബന്ധമാക്കും. വഖഫ് സ്വത്തുക്കളിൽ ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏർപ്പെടുത്താനും നിർദേശമുണ്ട്. കേന്ദ്രവഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡിന്റെയും ഘടനയിലും മാറ്റം വരുത്തും. വഖ്ഫ് സ്വത്തിലുള്ള തർക്കങ്ങളിലും പരിശോധന ഉണ്ടാകും.
ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മുസ്ലിം സമുദായത്തിന്റെ വഖഫ് സ്വത്തിലേക്ക് കൈകടത്താനുള്ള ഭേദഗതി ബില്ലുമായി കേന്ദ്രം എത്തുന്നത്. വഖഫ് ബോർഡുകളുടെ കീഴിലുള്ള പല പൈതൃക സ്വത്തുക്കളിലും തീവ്രഹിന്ദുത്വസംഘടനകൾ അവകാശവാദമുന്നയിക്കുന്നതിനിടെയാണ് പുതിയ നീക്കം. ദാനമായി ലഭിച്ചതും വിജ്ഞാപനം ചെയ്യപ്പെട്ടതുമായി വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും അതിൽ നിന്നുള്ള വരുമാനം മുസ്ലിംവിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന വഖഫ് ബോർഡുകൾക്ക് കീഴിൽ രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തുവകകളുണ്ട്.