ചണ്ഡീഗഡ് > പഞ്ചാബ് ചണ്ഡീഗഡിൽ കോടതിമുറിക്കുള്ളിൽ വച്ച് യുവാവിനെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു. ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനായ ഹർപ്രീത് സിങ്ങാ (37) ണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസിൽ നിന്നും എഐജിയായി റിട്ടയർ ചെയ്ത മൽവീന്ദർ സിങ് (58) ആണ് കോടതിക്കുള്ളിൽവെച്ച് ഹർപ്രീതിനെ വെടിവെച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഹർപ്രീതിന്റെ ഭാര്യാപിതാവാണ് മൽവീന്ദർ. മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് ഫെൽഫെയറിലെ ഉദ്യോഗസ്ഥനായിരുന്നു ഹർപ്രീത്. ഭാര്യ അമിജോത് കൗറുമായുള്ള വിവാഹമോചന നടപടികൾക്കായാണ് ഇയാൾ കോടതിയിലെത്തിയത്. അമിജോത് കാനഡയിലായിരുന്നതിനാൽ പിതാവ് മൽവീന്ദറാണ് കോടതി നടപടികൾക്കായി എത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങളും ശനിയാഴ്ച സെക്ടർ 43-ലുള്ള ചണ്ഡീഗഡ് ജില്ലാ കോടതി കോംപ്ലക്സിൽ എത്തിയിരുന്നു. ശുചിമുറിയിലേക്ക് പോയ ഹർപ്രീതിനെ പിന്തുടർന്ന മൽവീന്ദർ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹർപ്രീതിന്റെ ദേഹത്ത് രണ്ട് ബുള്ളറ്റുകൾ തുളച്ചുകയറി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഹർപ്രീത് മരിച്ചിരുന്നു.