ന്യൂഡൽഹി> വിഖ്യാത ഭരതനാട്യം, കുച്ചിപ്പുടി നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി (84) വിടവാങ്ങി. വാര്ധക്യസഹജ അസുഖങ്ങളെ തുടര്ന്ന് ഏഴുമാസമായി ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ അംബാസിഡറായി വിശേഷിപ്പിക്കപ്പെടുന്ന യാമിനി കൃഷ്ണമൂര്ത്തിക്ക് 1968ൽ പത്മശ്രീയും 2001ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും ലഭിച്ചു.
യാമിനിയുടെ ഡൽഹി ഹോസ്കാസിലെ യാമിനി സ്കൂള് ഒഫ് ഡാൻസ് നൃത്ത അക്കാദമിയിൽ ഞായറാഴ്ച മൃതദേഹം പൊതുദര്ശനത്തിന് വയ്ക്കും. ആന്ധ്ര ചിറ്റൂരിലെ മാടാനപ്പള്ളിയിലാണ് ജനനം. തമിഴ്നാട്ടിലെ ചിദംബരത്താണ് വളര്ന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ആസ്ഥാന നര്ത്തകി പദവി നൽകി ആദരിച്ചിരുന്നു. എ പാഷൻ ഫോര് ഡാൻസ് ആത്മകഥ.















