കൽപ്പറ്റ> ഉരുൾപൊട്ടൽ ദുരന്തത്തിലെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കി. നൂറോളം മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. സ്കരിക്കുന്നതിനുമുമ്പ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉണ്ടാകും. പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കും. ഡിഎൻഎ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ സൂക്ഷിക്കും. ഇത്തരം മൃതദേഹം സംബന്ധിച്ച് പൊലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ മൃതദേഹം സംസ്കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം ജില്ലാധികൃതർ മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കണം. ഇൻക്വസ്റ്റ് പൂർത്തിയാക്കിയാൽ 72 മണിക്കൂറിനകം സംസ്കരിക്കണം.
സംസ്കരിക്കുമ്പോൾ പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥർ ഉണ്ടാകണം. തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹം, അവകാശത്തർക്കങ്ങളുള്ള മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവ സംസ്കരിക്കുന്നതിനും ഇതേ മാർഗനിർദേശങ്ങൾ ബാധകമാണ്. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മൃതദേഹം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടി പൂർത്തിയാക്കണം. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്കാരം എന്നിവക്ക് രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.