തിരുവനന്തപുരം> സ്നേഹത്തണല് തേടി മലബാറില് നിന്നെത്തിയ അതിഥികളെ മലയിൻകീഴ് സ്വീകരിച്ചു. വയനാട്ടിലെ ദുരിതബാധിത മേഖലയിലുള്ളവർക്ക് താൽക്കാലിക താമസമൊരുക്കുന്ന മലയിൻകീഴ് പഞ്ചായത്തിന്റെ സ്നേഹത്തണൽ പദ്ധതിയറിഞ്ഞാണ് കോഴിക്കോട് മാവൂർ മേച്ചേരിക്കുന്നിൽ അസ്-ലം തീക്കോടിയും ഭാര്യ സലീനയും മകൾ അംനയെയും എത്തിയത്. ഉരുൾപ്പൊട്ടലിന്റെ ഭീതിയിൽനിന്ന് ആശ്വാസത്തണൽ തേടിയെത്തിയ കുടുംബത്തെ മലയിൻകീഴ് സ്വദേശി ഷെല്ലിയും ഭാര്യ ആശയും മക്കളായ വൈഗയും വാമിഖയുമടങ്ങുന്ന കുടുംബം സ്വീകരിച്ചു. അസ്-ലമും സലീനയും മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഒപ്പന കലാകാരായ ഇരുവരും വിവിധ സ്കൂളുകളിലെ പരിശീലകരാണ്.
“താമസിച്ചിരുന്ന സ്ഥലത്തെ തൊട്ടടുത്ത വീടുവരെ വെള്ളത്തിലായി. അതിനിടെയാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പും വന്നത്. ഈ സമയത്താണ് സ്നേഹത്തണലുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയയിലെ ഷെല്ലി ഷെയർ ചെയ്ത പോസ്റ്റ് കണ്ടത്. ഷെല്ലിയോട് വിവരങ്ങൾ തിരക്കിയശേഷം പഞ്ചായത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടു. ഞങ്ങൾ സുരക്ഷിതരാണ്. വയനാട്ടിൽ കാണാതായവരിൽ പലരും പരിചയക്കാരാണ്. മനസ്സ് ഇടറുകയാണ് അവരെ ഓർക്കുമ്പോൾ. മകളെയും കൊണ്ട് ക്യാമ്പിലേക്ക് പോകുന്നതിലും സുരക്ഷിതത്വം ഇവിടെയുണ്ട്.
മകൾക്ക് മലയിൻകീഴ് സ്കൂളിൽ താൽക്കാലിക പഠനം നൽകാമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്–- സലീന പറയുന്നു. സ്നേഹത്തണലെന്ന ആശയം മുന്നോട്ട് വച്ചപ്പോൾ അകലെ നിന്നുള്ളവർ എത്തുമെന്നത് ചെറുപ്രതീക്ഷ മാത്രമായിരുന്നെന്ന് മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ് ബാബു പറഞ്ഞു. പക്ഷേ, പഞ്ചായത്തിന്റെ ആശയത്തിനൊപ്പം 31 വീട്ടുകാരുണ്ട്. ഇതിൽ മൂന്ന് വീട് പൂർണമായും അതിഥികൾക്കായി വിട്ടുനൽകി. കുടുംബമെന്നല്ല ഒരു വ്യക്തിയെയും സ്വീകരിക്കും. വയനാട്ടിൽ നിന്നൊരു കുടുംബം വിളിച്ച് അന്വേഷിച്ചിട്ടുണ്ട്, അവർക്കായുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.















