പാരിസ് > ഒളിമ്പിക്സിൽ ചൊവ്വാഴ്ച ഇന്ത്യയ്ക്ക് സന്തോഷത്തിന്റെയും നിരാശയുടെയും ദിനമാണ്. ഷൂട്ടിങ്ങ് 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷനിൽ സ്വപ്നിൽ കുസാൽ വെങ്കലം നേടിയപ്പോൾ ഇന്ത്യയുടെ മൂന്ന് മെഡൽ പ്രതീക്ഷകളാണ് ചൊവ്വാഴ്ച അസ്തമിച്ചത്. ഷൂട്ടിങ്ങിൽ സിഫ്ത് കൗർ സമ്രയും ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യവും ബോക്സിങ്ങിൽ നിഖാത് സരീനും പുറത്തായി.
സിഫ്ത് കൗർ സമ്ര പുറത്ത്
പാരിസ് ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യ നേടിയത് മൂന്ന് മെഡലുകളാണ്. മൂന്നും വന്നത് ഷൂട്ടിങ്ങിൽ നിന്ന്. എന്നാൽ ഷൂട്ടിങ്ങിൽ ഇന്ത്യ ഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന സിഫ്ത് കൗർ സമ്ര വനിതകളുടെ 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷനിൽ നിന്ന് പുറത്തായി. ഇതേ ഇനത്തിൽ നിന്ന് മറ്റൊരു പ്രതീക്ഷയായിരുന്ന അഞ്ജും മൗദ്ഗാലും പുറത്തായി. യോഗ്യത റൗണ്ടിൽ നിന്നാണ് ഇരുവരും പുറത്തായത്.
32 പേർ മത്സരിച്ച വനിതകളുടെ 50 മീറ്റർ എയർ റൈഫിൾ യോഗ്യതാ മത്സരത്തിൽ 575 പോയിന്റുമായി 31-ാമതായി ഫിനിഷ് ചെയ്യാനെ സിഫ്ത് കൗറിന് സാധിച്ചുള്ളൂ. 584 പോയിന്റുമായി അഞ്ജും മൗദ്ഗാൽ 18-ാമതും ഫിനിഷ് ചെയ്തു.
2023 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയായിരുന്നു സിഫ്ത് കൗർ സമ്രയുടെ ഗെയിംസിലേക്കുള്ള വരവ്. 469.6 പോയിന്റ് നേടി ലോക റെക്കോർഡോടെയായുരുന്നു സ്വർണ നേട്ടം.