ന്യൂഡൽഹി
വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച കേരളത്തിന് ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്താതെ പാർലമെന്റിൽ തരംതാണ രാഷ്ട്രീയം കളിച്ച് കേന്ദ്രസർക്കാർ. പാർലമെന്റിന്റെ ഇരുസഭകളിലും ബുധനാഴ്ച വയനാട് ദുരന്തത്തെ കുറിച്ച് നടത്തിയ പ്രത്യേക ചർച്ചയിൽ പ്രതിപക്ഷാംഗങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആവശ്യപ്പെട്ടത് രണ്ടുകാര്യങ്ങള്‍; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കണം. ഇരുസഭകളിലും ചർച്ചയ്ക്ക് മറുപടി നൽകിയ അമിത് ഷാ രണ്ട് ആവശ്യത്തോടും മുഖംതിരിച്ചു.
കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്നും സംസ്ഥാന സർക്കാർ ജനങ്ങളെ ഒഴിപ്പിച്ചില്ലെന്നും തെറ്റിദ്ധാരണാജനകമായ പ്രസ്താവനയും അമിത് ഷാ നടത്തി. ജൂലൈ 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്. മണ്ണിടിച്ചിലിനുള്ള മുന്നറിയിപ്പും നൽകിയിരുന്നു. ജൂലൈ 23 ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു.–- ഷാ പറഞ്ഞു. ജൂലൈ 27, 28, 29 ദിവസങ്ങളിൽ എന്ത് മുന്നറിയിപ്പാണ് കേരളത്തിന് നൽകിയതെന്ന് വിശദീകരിക്കാൻ ആഭ്യന്തര മന്ത്രി മെനക്കെട്ടില്ല. ഇരുസഭകളിലും ചർച്ചയിൽ പങ്കെടുത്ത ബിജെപി അംഗങ്ങളും കേരളത്തിന് ഐക്യദാർഡ്യം അറിയിക്കുന്നതിന് പകരം വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്. അമിത് ഷാ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലെ ചർച്ചയിൽ സിപിഐഎം ഉപനേതാവ് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കണം. ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ സംഭവിക്കുന്നത് കേരളത്തിലാണ്. 2018 ൽ പ്രളയമുണ്ടായപ്പോൾ കേന്ദ്രം സ്വീകരിച്ച രീതി ആവർത്തിക്കരുത്. അന്ന് സൈനികർ നടത്തിയ സേവനത്തിന് കേരളത്തോട് പ്രതിഫലം ആവശ്യപ്പെട്ടു. സൗജന്യമായി നൽകിയ അരിയ്ക്ക് പിന്നീട് വില ഈടാക്കി–- ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ചില അംഗങ്ങൾ നടത്തുന്നതെന്ന് വി ശിവദാസൻ പറഞ്ഞു. അത്തരം സമീപനം ഖേദകരമാണ്. അവർക്ക് ശരിയായ രാഷ്ട്രീയം അറിയില്ല. മാനവികതയുമില്ല. പ്രത്യേക സഹായത്തിന് കേന്ദ്രം തയ്യാറാകണം–- ശിവദാസൻ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ആധുനിക റഡാർ സംവിധാനം സ്ഥാപിക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു. വയനാട് ഉൾപ്പെടുന്ന മലബാറിൽ റഡാർ സംവിധാനമില്ല. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ളത് പഴയ സംവിധാനമാണ്–- റഹീം പറഞ്ഞു.
പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം:
കെ രാധാകൃഷ്ണൻ
വയനാട് ഉരുള്‍പൊട്ടൽ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിലെ സിപിഐ എം കക്ഷിനേതാവ് കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു.
ദുരന്തം കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ലോക്സഭയിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ധനസഹായം
പ്രഖ്യാപിച്ച്
കര്‍ണാടകവും
തമിഴ്നാടും
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും അറിയിച്ചു. മരിച്ചവരിൽ ആറുപേര്‍ കര്‍ണാടക സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടുകാരായ രണ്ട് തൊഴിലാളികള്‍ മരിച്ചവരിൽ ഉണ്ട്. ഇവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സഹായം പ്രഖ്യാപിച്ചു.
5 ലക്ഷം നൽകുമെന്ന്
അഖിലേന്ത്യാ കിസാൻസഭ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അഖിലേന്ത്യാകിസാൻസഭ അറിയിച്ചു. പ്രാഥമികസഹായമെന്ന നിലയിൽ ദുരിതാശ്വാസഫണ്ടിലേക്ക് അഞ്ച് ലക്ഷം നൽകും. വയനാടിനെ സഹായിക്കാൻ ആഗസ്ത് 10ന് എല്ലാ കിസാൻസഭാ ഘടകങ്ങളും ധനസമാഹരണം നടത്തണം. മഹാദുരന്തത്തിൽ നിന്ന് കരകയറാൻ വയനാടിനെ സഹായിക്കാൻ ജനങ്ങൾ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു.