നെയ്യാറ്റിൻക്കര > ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി ഉണ്ടായ അപകടത്തിൽ മരണപ്പെട്ട നെവിൻ ഡാൽവിൻ സുരേഷിന്റെ വീട് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. നെവിന്റെ പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് സർക്കാരിന്റെ എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം കാട്ടാകട എംഎൽഎ ഐ ബി സതീഷും ഉണ്ടായിരുന്നു.
ഡൽഹി രാജേന്ദ്രനഗറിലെ റാവൂസ് ഐഎഎസ് പരിശീലന കേന്ദ്രത്തിൽ ശനി രാത്രി വെള്ളംകയറി ഉണ്ടായ ദുരന്തത്തിലാണ് നെവിൻ മരിച്ചത്. തിരുവനന്തപുരം പാറശാല സ്വദേശികളാണ് നെവിന്റെ മാതാപിതാക്കളായ ലാൻസ്ലറ്റും ഡാൽവിൻ സുരേഷും. പഠനത്തിൽ സമർഥനായിരുന്ന നെവിൻ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തശേഷം ജെഎൻയുവിൽ എത്തി. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ടിൽ കലാചരിത്രത്തിലായിരുന്നു എംഎ. ജെഎൻയുവിൽത്തന്നെ എംഫിൽ പൂർത്തിയാക്കി സ്കൂൾ ഓഫ് ആർട്സ് ആൻഡ് എയ്സ്തെറ്റിക്സിൽ വിഷ്വൽ സ്റ്റഡീസിൽ പിഎച്ച്ഡിക്കുചേർന്നു. ഇത് മൂന്നാം വർഷമാണ്. ഇതിനൊപ്പമാണ് അടുത്തിടെ സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നത്. എട്ട് വർഷമായി ഡൽഹിയിലാണ് താമസം. കഴിഞ്ഞ നവംബറിലാണ് അവസാനമായി വീട്ടിലെത്തിയത്.നെവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. സംസ്ക്കാരം ചൊവ്വാഴ്ച.