ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് അവഞ്ചേഴ്സ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ അവഞ്ചേഴ്സിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അവഞ്ചേഴ്സിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അയൺ മാന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ ആർഡിജെ എന്ന റോബർട്ട് ഡൗണി ജൂനിയർ എംസിയുവിലേക്ക് തിരിച്ചെത്തുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ തന്റെ ഐക്കോണിക് കഥാപാത്രമയ അയൺ മാൻ ആയിട്ടല്ല ആർഡിജെയുടെ തിരിച്ചുവരുന്നത്.
മാർവെൽ യൂണിവേഴ്സിലെ സൂപ്പർ വില്ലനായ ഡോക്ടർ ഡൂം ആയാണ് റോബർട്ട് ഡൗണി എത്തുന്നത്. അവഞ്ചേഴ്സ്: ഡൂംസ്ഡേയിലാണ് ആർഡിജെ പുതിയ വേഷത്തിലെത്തുന്നത്. സിനിമയുടെ പ്രഖ്യാപനവേദിയിൽ വച്ച് അപ്രതീക്ഷിതമായായിരുന്നു ഡോക്ടർ ഡൂം എന്ന വില്ലനെയും അവതരിപ്പിച്ചത്. പച്ച നിറത്തിലുള്ള വേഷവും ഗോൾഡൻ മാസ്കും അണിഞ്ഞാണ് ആർഡിജെ വേദിയിലെത്തിയത്. ആർഡിജെയുടെ പുതിയ വേഷത്തെ നിറഞ്ഞ കയ്യടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
2008 മുതലാണ് എംസിയുവിനൊപ്പമുള്ള റോബർട്ട് ഡൗണി ജൂനിയറിന്റെ യാത്ര ആരംഭിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ അയൺ മാനിലാണ് ആർഡിജെ മാർവെലിന്റെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രമായ അയൺ മാനായി എത്തുന്നത്. സിനിമ വൻ വിജയമായി. തുടർന്നിങ്ങോട്ടുള്ള എംസിയുവിലെ മിക്ക സിനിമകളിലും ആർഡിജെയും അയൺ മാനും ഉണ്ടായിരുന്നു. 2010ൽ അയൺ മാന്റെ രണ്ടാം ഭാഗമായ അയൺ മാൻ 2വും 2013ൽ അയൺ മാൻ 3യും പുറത്തിറങ്ങി. 2012ലാണ് അയൺ മാൻ, തോർ, ഹൾക്ക്, ഹോക് ഐ, ബ്ലാക് വിഡോ, ക്യാപ്റ്റൻ അമേരിക്ക എന്നിവർ ഒന്നിച്ചെത്തിയ അവഞ്ചേഴ്സ് പുറത്തിറങ്ങിയത്. സിനിമ വൻ ഹിറ്റായി.
തുടർന്ന് അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ(2015), ക്യാപ്റ്റൻ അമേരിക്ക; സിവിൽ വാർ(2016), അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ(2018) എന്നീ ചിത്രങ്ങളിലും അവഞ്ചേഴ്സ് ഒന്നിച്ചെത്തി. സിനിമകളെല്ലാം വാണിജ്യപരമായി ഏറെ നേട്ടം കൊയ്തു. 2019ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ്: എൻഡ് ഗെയിമിലാണ് ഇവർ അവസാനമായി ഒന്നിച്ചെത്തിയത്. അയൺ മാൻ എന്ന കഥാപാത്രത്തിന്റെ മരണത്തോടെയാണ് എൻഡ് ഗെയിം അവസാനിച്ചത്. അവഞ്ചേഴ്സ് യൂണിവേഴ്സ് ഒന്നിച്ചെത്തുന്ന സിനിമകളും അവസാനിച്ചുവെന്ന വാർത്ത ആരാധകരം നിരാശപ്പെടുത്തിയിരുന്നു.
എന്നാൽ ആർഡിജെ വീണ്ടും അവഞ്ചേഴ്സിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. മാർവൽ വില്ലൻമാരായ ലോക്കിക്കും താനോസിനും ശേഷം ശക്തനായ വില്ലനായി ആർഡിജെ എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.