തിരുവനന്തപുരം > ദേശീയപാത 66ന്റെ നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്.
ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം. തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ പറയുന്നു. നേരത്തെ പദ്ധതി അവലോകന യോഗത്തിലും സുരക്ഷ ഉറപ്പാക്കാൻ മന്ത്രി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.