തിരുവമ്പാടി
ഇരുവഴിഞ്ഞിയിലും ചാലിപ്പുഴയിലും കുറ്റ്യാടി പുഴയിലും ജലസാഹസികതയുടെ വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച് നാല് ദിവസങ്ങളിലായി നടന്ന പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കൊടിയിറങ്ങി. സമാപന ദിവസമായ ഞായർ പുല്ലുരാംപാറ ഇരുവഴിഞ്ഞിപ്പുഴയിൽ കുറുങ്കയത്താണ് മത്സരങ്ങള്‍ നടന്നത്.
ഫെസ്റ്റിവലിലെ പ്രധാന ഇനമായ ഡൗണ്‍ റിവര്‍ സൂപ്പർ ഫൈനലായിരുന്നു ഞായറാഴ്ച നടന്നത്. വിദേശ, ദേശീയ താരങ്ങൾ തുഴയെറിഞ്ഞ ആവേശകരമായ മത്സരത്തിൽ പുരുഷ വിഭാഗം ഫൈനലിൽ ന്യുസിലൻഡ് താരം മനു വിങ്ക് വാക്കർനാഗലും വനിതാ വിഭാഗത്തിൽ ജർമൻ കയാക്കർ മറിസാ കൗപും ഒന്നാം സ്ഥാനക്കാരായി. പുരുഷ വിഭാഗത്തിൽ ഫ്രാൻസിന്റെ ജേക്കൺ ബെഞ്ചബിൻ രണ്ടാം സ്ഥാനവും ഇറ്റലി താരം പൗലോ റോങ്കയും നോർവേയുടെ എറിക് ഹാൻസൻ മൂന്നാം സ്ഥാനക്കാരുമായി. വനിതാ വിഭാഗത്തിൽ ഇറ്റലിയുടെ മാർട്ടിന റോസ് ആണ് രണ്ടാം സ്ഥാനത്ത്.
അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ കൊച്ചരിപ്പാറയില്‍ നിന്നാരംഭിച്ച് കുറുങ്കയത്ത് സമാപിക്കുന്നതരത്തിലായിരുന്നു മത്സരം. മണിക് തനേജ ,പോൾ സൺ അറയ്ക്കൽ എന്നിവരടെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു. റസ്ക്യൂ ടീമിനെ നേപ്പാളിൽനിന്നുള്ള വിഷ്ണു നയിച്ചു. മഴ മാറിനിന്ന സമാപന ദിവസം മത്സരം വീക്ഷിക്കാൻ ഇരുവഴിഞ്ഞിയുടെ ഇരുകരകളിലുമായി നൂറുകണക്കിനാളുകളാണ് നിലയുറപ്പിച്ചത് .
ഇലന്തുകടവിൽ സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്തു. റാപ്പിഡ് രാജ, റാപ്പിഡ് റാണി പട്ടങ്ങളും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കേരള അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മലബാർ റിവർ ഫെസ്റ്റ് നടത്തിയത്.