ആലുവ
‘അവൾ ഒപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല’–- ആലുവയിൽ കൊല്ലപ്പെട്ട ബിഹാറി ബാലികയുടെ ഓർമകൾക്ക് ഒരുവർഷമാകുമ്പോഴും അമ്മയുടെ കണ്ണുകൾ തോരുന്നില്ല. കീഴ്മാട് സ്മൃതിതീരം ശ്മശാനത്തിൽ മകളെ അടക്കം ചെയ്തിടത്ത് കുടുംബം പുഷ്പാർച്ചന നടത്തി. കുട്ടിയുടെ ഓർമദിനമായ ഞായർ പകൽ 12നാണ് അച്ഛനും അമ്മയും സഹോദരങ്ങളും എത്തിയത്.
പൂക്കൾ വിതറി പുഷ്പചക്രം സമർപ്പിച്ച് മാല ചാർത്തി. ചന്ദനത്തിരികളും മൺചിരാതും കത്തിച്ച് മകളുടെ ഓർമകൾക്കുമുന്നിൽ കുടുംബം ഒന്നടങ്കം പ്രണമിച്ചു. ഒരു മണിക്കൂർ ശ്മശാനത്തില്‍ ചെലവഴിച്ചശേഷമാണ് കുടുംബം ചൂർണിക്കരയിലെ വാടകവീട്ടിലേക്ക് മടങ്ങിയത്.
കുട്ടിയെ കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിന്റെ വധശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുഴിമാടം കല്ലറയായി കെട്ടിസംരക്ഷിക്കണമെന്നും അഭ്യർഥിച്ചു. കുഴിമാടവും പരിസരവും കീഴ്മാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ, അംഗങ്ങളായ റസീല ഷിഹാബ്, സനില അശോകൻ, ശ്മശാനം ജീവനക്കാരൻ കെ എ അശോകൻ എന്നിവർ ഞായർ രാവിലെ കുഴിമാടത്തിൽ പുഷ്പാര്‍ച്ചന നടത്തി.