അങ്കോള
അവനില്ലാതെ ഞങ്ങളെങ്ങിനെ വീട്ടിലേക്ക് മടങ്ങുമെന്നാണ് അർജുന്റെ വീട്ടുകാർ അങ്കോളയിൽനിന്ന് ചോദിക്കുന്നത്. കഴിഞ്ഞ 17മുതൽ അർജുന്റെ സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, അമ്മയുടെ സഹോദരിയുടെ മകൻ നിവേദ്, ട്രക്കുടമ മനാഫ് എന്നിവർ ഷിരൂരിലുണ്ട്.
16ന് രാവിലെ എട്ടരയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. 18ന് വൈകിട്ടോടെ, കുടുംബം അർജുനെ കാണാനില്ലെന്ന പരാതിയുമായി സംസ്ഥാന സർക്കാരിനെ സമീപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും കർണാടക അധികൃതരുമായി ബന്ധപ്പെട്ടതോടെ 19ന് രാവിലെമുതൽ തിരച്ചിൽ ഊർജിതമായി. എന്നാൽ, കേരളത്തിൽനിന്നുള്ള രാഷ്ട്രീയ–- മാധ്യമ സമ്മർദ്ദത്തെ 13ാം നാളിൽ മാറ്റിനിർത്തി, കർണാടകം തിരച്ചിൽ നിർത്തുകയാണ്. ഓരോ സമയത്തും അവർ നൽകിയ ഉറപ്പുകൾ ലംഘിച്ചു. പുഴയിൽ അർജുന്റെ ട്രക്കില്ല എന്നാണ് ആദ്യം നേവി സംഘം അറിയിച്ചത്. അതുപ്രകാരം കരയിൽ തിരച്ചിലായി.
കേരളത്തിൽ നിന്നെത്തിയ മാധ്യമങ്ങളുടെയും ദൗത്യസംഘത്തിന്റെയും സമ്മർദത്തിലാണ് കരയിൽ തിരച്ചിൽ നടത്തിയത് എന്നായി വാദം. പിന്നീട് സൈന്യവും നേവിയും എൻഡിആർഎഫും ഗംഗാവലി പുഴയിലേക്ക് തിരച്ചിലിനിറങ്ങി. അതിവിദഗ്ധ ഉപകരണങ്ങളോ കൃത്യമായ ഏകോപനമോ ഉണ്ടായില്ല. പുഴയിലെത്തിച്ച ഐ ബോർഡ് റഡാർ മാത്രമാണ് കാര്യമായ ഫലം തന്നത്.
തിരച്ചിൽ ഇപ്പോൾ പുഴയിലെ മൺകൂനയ്ക്കടുത്ത് 132 മീറ്റർ അകലെയുള്ള പോയിന്റിലാണ് എത്തിനിൽക്കുന്നത്. അതിനടിയിൽ കല്ലും മണ്ണും മരച്ചില്ലകളും പൊട്ടിവീണ എച്ച്ടി ലൈൻ ടവറും ഉണ്ടെന്നാണ് പറയുന്നത്. ഏഴ് നോട്ട്സ് വരെ ഒഴുക്കുമുണ്ട്. ഒടുവിൽ ഇപ്പോൾ പറ്റില്ലെന്ന പ്രഖ്യാപനത്തോടെ കർണാടക തിരച്ചിൽ മതിയാക്കുന്നു. അർജുനൊപ്പം മറ്റു രണ്ട് കർണാടകക്കാരെയും കാണാതായിട്ടുണ്ട്. അവരുടെ കാര്യത്തിലുള്ള നിസ്സംഗത ഇപ്പോൾ കേരളത്തോടും തുടരാനാണ് കർണാടക അധികൃതരുടെ നീക്കം.
ഉറപ്പുകൾ പാലിച്ചില്ല: ജിതിൻ
കേരളത്തിൽ നിന്നെത്തിയ രണ്ടു മന്ത്രിമാർക്ക് കർണാടക അധികൃതർ നൽകിയ ഉറപ്പുകൾപോലും പാലിച്ചില്ലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. ഏകോപനക്കുറവ് ഉണ്ടായിട്ടുണ്ട്. ഉപകരണം എത്തിക്കുമെന്ന് പറഞ്ഞതൊന്നും നടന്നില്ല. കർണാടകയുടെ ഉറപ്പിനെ വിശ്വസിച്ചത് വെറുതെയായിപ്പോയെന്നും ജിതിൻ പറഞ്ഞു.