തിരുവനന്തപുരം
മൂവാറ്റുപുഴ നിർമല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം സംഘടിപ്പിച്ചിട്ടില്ലെന്ന് എസ്എഫ്ഐ. കോളേജിൽ രണ്ട് വിദ്യാർഥികൾ പ്രാർഥന നടത്തിയതുമായി ബന്ധപ്പെട്ട് ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികളും പ്രിൻസിപ്പൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധത്തിൽ എസ്എഫ്ഐക്ക് പങ്കില്ല. അത് എസ്എഫ്ഐയുടെ തലയിൽ കെട്ടിവെക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറും. അത് ക്യാമ്പസുകളുടെ മതനിരപേക്ഷ ബോധത്തെ ബാധിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.