പള്ളിമുക്ക് > കൊല്ലം പള്ളിമുക്കിൽ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭണിയായ കുതിരയെ അതി ക്രൂരമായി ആക്രമിച്ചു. കാറിൽ വന്ന അഞ്ചംഗ സംഘമാണ് കുതിരയെ മർദ്ദിച്ചത്. മുഖത്തും കാലുകൾക്കും പരിക്കേറ്റ കുതിര മൃഗാശുപത്രിയിൽ ചികിത്സയിലാണ്. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ചികിത്സയിലുള്ള കുതിര.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൂന്നു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികൾക്ക് മൃഗങ്ങളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സ്വഭാവമുണ്ടെന്നും നേരത്തേയും ഇതേ രീതിയിലുള്ള കേസുകളിൽ ഇവർ പ്രതികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ആക്രമണത്തിൽ അപലപിച്ചു. സാംസ്ക്കാരിക കേരളത്തിന് ഇത്തരം പ്രകൃതി വിരുദ്ധ പ്രവർത്തനം അപമാനകരമെന്ന് ചിഞ്ചു റാണി പറഞ്ഞു. കുതിരക്ക് വേണ്ട ചികിത്സ ഉറപ്പു വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.