ന്യൂഡല്‍ഹി> ഡല്‍ഹി ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവസ്ഥലത്തെത്തിയ പാര്‍ലമെന്റ് എംപിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സ്വാതി മാലിവാലിനെതിരേയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. തുടര്‍ന്നിവര്‍ സമരക്കാര്‍ക്കിടയില്‍ കുത്തിയിരുന്ന് വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ സംസാരിച്ചു.
ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായില്ല. ഒപ്പം മാധ്യമങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിച്ചു. മാധ്യമങ്ങല്‍ ഇവിടെ നിന്നും മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്വാതിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യങ്ങളും ഉയര്‍ന്നു. അര്‍ധ സൈനിക വിഭാഗത്തിന്റേയും പൊലീസിന്റെയും വലിയ സംഘം സ്ഥലത്തുണ്ട്.
വിദ്യാര്‍ഥികളോട് സംസാരിച്ച ശേഷം സ്വാതി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷ. തങ്ങള്‍ കാലങ്ങളായി ഇത്തരം ചൂഷണത്തിന് വിധേയമാകുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മരിച്ച വിദ്യാര്‍ഥികള്‍ മൂന്നില്‍ കൂടുതലാണെന്നും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഐഎഎസ് അക്കാദമിയുമായി ബന്ധപ്പെട്ട ഉന്നത അധികാരികള്വന്ന് നേരിട്ട് പ്രതിഷേധക്കാരുമായി സംസാരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.