ന്യൂഡൽഹി
നിയമസഭകൾ പാസാക്കിയ നിർണായക ബില്ലുകളിൽ മാസങ്ങളും വർഷങ്ങളും അടയിരിക്കുന്ന ഗവർണർമാർ ഫെഡറലിസം അട്ടിമറിക്കുന്നുവെന്ന നിയമപ്രശ്നം സുപ്രീംകോടതി പരിശോധിക്കും. കേരളവും ബംഗാളും സമർപ്പിച്ച ഹർജികളിൽ ഗവർണർമാരുടെ അഡീണൽ ചീഫ്സെക്രട്ടറിമാർക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നോട്ടീസ് അയച്ചാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഇടപെടൽ ഗവർണർമാരുടെ രാഷ്ട്രീയപ്രേരിതമായ നടപടികൾക്ക് കടിഞ്ഞാണിടുമെന്ന പ്രതീക്ഷയാണ് ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ളത്.
ബില്ലുകൾ ദീർഘകാലം പിടിച്ചുവെക്കുന്ന ഗവർണർമാർ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ മാത്രം ബില്ലുകളെല്ലാം ഒന്നിച്ച് രാഷ്ട്രപതിക്ക് വിടുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം. ജനക്ഷേമം ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ ദീർഘകാലം പിടിച്ചുവെച്ചു. ഈ നടപടി ഭരണസ്തംഭനത്തിന് ഇടയാക്കുമെന്നതിനാൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനുപിന്നാലെ, ഗവർണർ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടു. സാധാരണഗതിയിൽ കേന്ദ്ര, സംസ്ഥാന തർക്കങ്ങൾ ഉണ്ടാകുന്ന വിഷയങ്ങളുള്ള ബില്ലുകളാണ് രാഷ്ട്രപതിക്ക് വിടാറുള്ളത്. എന്നാൽ, അത്തരം തർക്കങ്ങൾ ഒന്നുമില്ലാത്ത സാധാരണ ബില്ലുകൾ പോലും ഗവർണർ രാഷ്ട്രപതിക്ക് കൈമാറി. കേരളാസർക്കാരിനെയും നിയമസഭയെയും ഭരണഘടനയ്ക്കും നിയമത്തിനും അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിർബന്ധബുദ്ധിയുടെ ഭാഗമാണ് ഈ നടപടി.
ഭരണഘടനയുടെ 200–-ാം അനുച്ഛേദത്തിൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർമാരുടെ പരിഗണനയ്ക്ക് വിട്ടാൽ ഗവർണർമാർ ‘സാധ്യമായ എത്രയും വേഗത്തിൽ’ തീരുമാനം എടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ബിൽ മാസങ്ങളും വർഷങ്ങളും പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് തെലങ്കാന സർക്കാരും ഗവർണറും തമ്മിലുള്ള കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ബില്ലുകൾ രാഷ്ട്രപതിക്കുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചുവരുത്തി പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. മാത്രമല്ല, നിയമസഭകൾ പാസാക്കിയ ബില്ലുകളുടെ കാര്യത്തിൽ തുടർനടപടിക്കുള്ള ഗവർണർമാരുടെ അധികാരത്തിൽ വ്യക്തമായ മാർഗനിർദേശം സുപ്രീംകോടതി പുറപ്പെടുവിക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്. എന്തെല്ലാം നിയമപ്രശ്നങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കി കുറിപ്പ് കൈമാറാൻ കേരളത്തിനും ബംഗാളിനും സുപ്രീംകോടതി വെള്ളിയാഴ്ച്ച നിർദേശം നൽകി. ആഗസ്ത് 20ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.