അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ഗംഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്.
വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസംഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദഗ്ധർ ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അംഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.