അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കണാതായ അർജുന്റെ ട്രക്കെവിടെ എന്ന് കൃത്യമായ വിവരം ലഭിച്ചുവെന്ന് ദൗത്യസംഘം. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കരയിൽ നിന്ന് 132 മീറ്റർ ദൂരെയാണിത്. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നിഗമനം. ട്രക്കുള്ളത് ചെളിയിൽ പൂഴ്ന്ന നിലയിലാണെന്നും ഭാഗികമായി തകർന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. മനുഷ്യ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല.
അതേസമയം രക്ഷാദൗത്യത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. 6.8 നോട്ടാണ് പുഴയിലെ അടിയൊഴുക്ക്. കുത്തൊഴുക്കിനെ തടഞ്ഞുനിർത്താനായി കാർവാറിൽ നിന്ന് ഫ്ലോട്ടിങ് പൊന്റൂണുകൾ (floating pontoon) എത്തിച്ച് ഇന്ന് പരിശോധന നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അടിയൊഴുക്ക് കാരണം കഴിഞ്ഞദിവസങ്ങളിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊന്റൂൺ സ്ഥാപിച്ച് ഇറക്കാനുള്ള തീരുമാനത്തിലെത്തിയത്. എന്നാൽ സാങ്കേതിക തടസ്സം കാരണം ഫ്ലോട്ടിങ് പൊന്റൂണുകൾ ഉടൻ എത്തില്ല എന്നാണ് പുതിയ വിവരം.
പ്രാദേശിക മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിലിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. ഇതിനായി ഉഡുപ്പിയിൽ നിന്ന് പ്രശസ്ത ഡൈവർ ഈശ്വർ മാൽപ്പെയും സംഘവും ഷിരൂരിൽ എത്തിയിട്ടുണ്ട്. പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ സംഘത്തിലുണ്ട്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണിത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. എന്നാൽ പുഴയിലെ വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ച പരിമിതി ഉണ്ടാക്കുന്നുണ്ട്.
മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഷിരൂരിൽ തുടരുന്നുണ്ട്. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇവർ അറിയിച്ചു. പൊന്റൂണുകൾ എത്തിക്കണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജസ്ഥാനിൽ നിന്ന് പൊന്റൂണുകൾ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു.