ന്യൂഡൽഹി
ഗവർണർമാർ ചാൻസലർ പദവി ഉൾപ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നത് വിലക്കണമെന്ന് നിർദേശിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് കൊണ്ടുവന്ന സ്വകാര്യ ബില്ലിന്റെ അവതരണം തടഞ്ഞ് ബിജെപി. ഭരണഘടനയുടെ 158–-ാം അനുച്ഛേദത്തിൽ ഭേദഗതി ആവശ്യപ്പെടുന്ന ബില്ലിന്റെ അവതരണമാണ് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി വോട്ടിനിട്ട് തള്ളിയത്.
സ്വകാര്യ ബില്ലുകൾ സാധാരണ അവതരണ ഘട്ടത്തിൽ ഭരണപക്ഷം എതിർക്കാറില്ല. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷൻ ഹരിവംശ് ബില്ലവതരണത്തിന് ആദ്യം അനുമതി നൽകി. ഇതോടെ ബിജെപി അംഗങ്ങൾ ബഹളമാരംഭിച്ചു. ബിജെപിയുടെ ഘനശ്യാം തിവാരി വോട്ടിങ്ങ് ആവശ്യപ്പെട്ടു. പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വോട്ടിങ്ങിനോട് വിയോജിച്ചെങ്കിലും സഭാ നേതാവായ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ബിൽ അവതരണത്തെ എതിർക്കണമെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ ശബ്ദവോട്ട് തേടിയ ഉപാധ്യക്ഷൻ ബില്ലിനെ എതിർക്കുന്നവർക്കാണ് ഭൂരിപക്ഷമെന്ന വിചിത്ര നിലപാട് സ്വീകരിച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി നിർദേശിച്ച് ഒരു ബിജെപി എംപി കൊണ്ടുവന്ന വിവാദ ബിൽ കൂടുതൽപേർ എതിർത്തിട്ടും അവതരിപ്പിക്കാൻ ഉപാധ്യക്ഷൻ മുമ്പ് അനുമതി നൽകിയിരുന്നത് ആർജെഡിയുടെ മനോജ് ഝാ ഓർമിപ്പിച്ചു. ഉപാധ്യക്ഷൻ നിലപാട് തിരുത്താത്തതോടെ, ജോൺ ബ്രിട്ടാസ് വോട്ടിങ്ങ് ആവശ്യപ്പെട്ടു. 56 പേർ എതിർത്തു. 21 പേർ അനുകൂലിച്ചു. സാധാരണ സർക്കാരിനൊപ്പം നിലകൊണ്ടിരുന്ന ബിജെഡി ബില്ലിനെ അനുകൂലിച്ചു. ഗവർണർമാർ സർവകലാശാല ചാൻസലർ പദവി വഹിക്കണം എന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ലെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
യുജിസി ചട്ടം സംസ്ഥാന നിയമത്തിന് മേലെയല്ല; സ്വകാര്യ ബില്ലുമായി ബ്രിട്ടാസ്
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങളെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഉപരിയായി പരിഗണിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുജിസി ഭേദഗതി ബിൽ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഗവർണർമാർ ഭരണഘടനാ ബാഹ്യപദവി ഏറ്റെടുക്കുന്നത് തടഞ്ഞുള്ള ഭരണഘടനാ ഭേദഗതി നിർദേശിക്കുന്ന സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് ഭരണപക്ഷം വോട്ടിനിട്ട് തടഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. വോട്ടിനിട്ട് തള്ളിയ ഭരണഘടനാ ഭേദഗതി ബില്ലിന് സമാനമായ ബിൽ തന്നെയാണിതെന്ന് ബില്ലവതരണത്തിനുശേഷം ഭരണപക്ഷത്തോട് ജോൺ ബ്രിട്ടാസ് പറഞ്ഞു. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് യുജിസിയുടെ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ തടസ്സമായാൽ ബന്ധപ്പെട്ട സംസ്ഥാനത്ത് നിയമസഭ പാസാക്കിയ നിയമത്തിനായിരിക്കും സാധുതയെന്ന് യുജിസി ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്നു.