കൊച്ചി
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം അടുത്തമാസം അവസാനത്തോടെ പൂർണമായി നീക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. റെയിൽവേയുടെ ഭാഗത്തേതടക്കമുള്ള മാലിന്യം നീക്കാൻ ഔദ്യോഗികതലത്തിൽ ഏകോപനം തുടങ്ങിയെന്നും അറിയിച്ചു. തലസ്ഥാന നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നും കൃത്യമായ ഇടപെടൽ നടത്തുമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനടിയിലെ ടണലിൽ അകപ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറി നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തോട് പതിവായി ശുചീകരിക്കണം.
സർക്കാരിന്റെ കർമപരിപാടികൾ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിശദീകരിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പകലും പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചെന്ന് തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി അറിയിച്ചു. 10 എഐ കാമറകൾ സ്ഥാപിക്കും.