ന്യൂഡൽഹി
ഗവർണർമാർക്ക് സ്വന്തം അധികാരങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ അടിയന്തിരമായി നീക്കിക്കൊടുക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ മാസങ്ങൾ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടിക്കെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കേരളം ആവശ്യം ഉന്നയിച്ചത്.
നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾ ഗവർണർ അംഗീകാരം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. രണ്ട് ബില്‍ 23 മാസമായി പിടിച്ചുവെച്ചിരിക്കുന്നു. ഒരു ബില്ലിൽ 15 മാസമായും മറ്റൊരു ബില്ലിൽ 13 മാസമായും ബാക്കിയുള്ള ബില്ലുകളിൽ 10 മാസത്തിലേറെയായും നടപടിയില്ല. ഭരണഘടനയെ അപഹസിക്കുന്ന സമീപനമാണിത്. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം സംബന്ധിച്ച് കോടതി വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കണം. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി നേരത്തെ ഉറപ്പ് നൽകിയിട്ടുള്ളതാണ്–- കെ കെ വേണുഗോപാൽ ഓർമിപ്പിച്ചു. നാല് ബില്ലുകൾക്ക് അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണം, നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണം, കാരണം അറിയിക്കാതെ ബില്ലുകളുടെ അംഗീകാരം പിടിച്ചുവെച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം–- തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.
സർവകലാശാലകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമഭേദഗതികൾ ഉൾപ്പെടുന്ന പ്രധാനബില്ലുകളാണ് ഗവർണർ മാസങ്ങൾ പിടിച്ചുവെച്ചത്. ഗവർണറുടെ നിഷ്ക്രിയത്വം ചോദ്യം ചെയ്ത് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ഗവർണർക്ക് നോട്ടീസ് അയയ്ക്കുകയും ചെത്തു. ഇതിനുപിന്നാലെയാണ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടത്.