തിരുവനന്തപുരം > കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഫോക്കസ് വിഭാഗത്തിൽ 49 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. വിക്രമാദിത്യ മോത്വാനി സംവിധാനം ചെയ്ത ഇന്ദിരാസ് എമർജൻസി എന്ന ഡോക്യുമെന്ററി 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലുള്ളതാണ്. ഉമാ ചക്രവർത്തി സംവിധാനം ചെയ്ത വോയ്സ് ഓഫ് കോൺഷ്യൻസ് (സമീർ) ഇന്ത്യയിൽ പ്രതിരോധപ്രസ്ഥാനങ്ങൾ തുടങ്ങിയ കാലം മുതൽ അതിലേക്ക് ആകൃഷ്ടരായി പോരാട്ടത്തിനിറങ്ങിയ സ്ത്രീകളുടെ കഥ പറയുന്നു.
ഡെക്കാൻ പീഠഭൂമിയിലൂടെ രണ്ട് കുർബ ഇടയന്മാർ നടത്തുന്ന ദുഷ്കരയാത്രയുടെ കഥ പറയുന്ന അങ്കിത് പോഗുലയുടെ ഹെർഡ് വാക് (ഭേഡ് ചൽ), തന്റെ ദൈനംദിന കുടുംബജീവിതത്തെ ആവിഷ്കരിക്കുന്ന ലുബ്‌ന അൻസാരിയുടെ സംഭാൽ കേ, വിവേക് മേനോന്റെ ബയോ, മിത ചക്രവർത്തിയുടെയും സമീറാൻ ദത്തയുടെയും സംവിധാനത്തിലുള്ള ക്രൗഡ് വീ ഗാതേർ റാമ്പ് വി വാക്, വരുൺ തൃഘയുടെ റെയ്‌സ് മി എ മെമ്മറി, എന്നീ ചിത്രങ്ങളാണ് ഫോക്കസിലെ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ ഉൾപ്പെടുന്നത്.
കാഴ്ച പരിമിതിക്കിടയിലും പത്മശ്രീ പുരസ്കാരം നേടിയ ജവഹർ ലാൽ കൗളിന്റെ കഥ പറയുന്ന ജെ എൽ കൗൾ-എ മാൻ ഓഫ് ആക്ഷൻ (സംവിധാനം ബിലാൽ എ ജാൻ) ഉൾപ്പെടെ ഇരുപത്തിനാലു ചിത്രങ്ങളാണ് ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളി സംവിധായകൻ ജിതിൻ രാജിന്റെ മറുത, അഹേലി ദത്തയുടെ ലഹർ, ഹുമാം അരിഫീന്റെ ധരം സംകട് തുടങ്ങി 18 ചിത്രങ്ങൾ ഷോർട് ഫിക്ഷൻ വിഭാഗത്തിലുണ്ട്.
ലൈംഗിക തൊഴിലാളിയായ സ്ത്രീ പൊതുപരിപാടിയിൽ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതാണ് മറുതയുടെ പ്രമേയം. ഒരു റേഡിയോയുടെ ശബ്ദത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന എഴുപതുകാരിയായ സ്ത്രീയുടെ കഥയാണ് ലഹർ. അതിമോഹിയായ ചെറുപ്പക്കാരന്റെ അംഗീകാരത്തിനായുള്ള അഭിലാഷത്തെ പിന്തുടരുന്ന ഡാർക്ക് കോമഡി ചിത്രമാണ് ധരം സംകട്. 2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കും.