പാരീസ്: സെൻ നദിയിൽ പാരീസ് ഒളിമ്പിക്‌സിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകൾ. മുൻകാലങ്ങളിൽ നിന്ന് വൃത്യസ്തമായി സ്റ്റേഡിയത്തിൽ നിന്ന് മാറി പാരീസ് നഗരത്തിന്റെ ഹൃദയഭാഗമായ സെൻ നദിയിലാണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
എല്ലാം രഹസ്യം
ഉദ്ഘാടനം ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാൻസ്. നാലായിരത്തോളം നർത്തകരും മൂവായിരത്തിലധികം കലാകാരൻമാരും ഉദ്ഘാടന ചടങ്ങിൽ വിസ്മയം തീർക്കും. അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗ, ഫ്രഞ്ച് സംഗീതജ്ഞ അയ നക്കാമുറ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ.
ഫ്രഞ്ച് സംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം.ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്‌ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.സെൻ നദിയിലൂടെ ബോട്ടിൽ കായിക താരങ്ങളെ ഉദ്ഘാടനവേദിയിലെത്തിക്കാനാണ് പദ്ധതി. എൺപതു ബോട്ടിലായി ആറുകിലോമീറ്ററോളം സഞ്ചരിച്ച് താരങ്ങൾ വേദിയിലെത്തുക.
സുരക്ഷ ശക്തം
ഒളിമ്പിക്‌സിന് മുന്നോടിയായി പാരീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കി ഫ്രഞ്ച് സർക്കാർ.ഉദ്ഘാടന വേദിയുടെ ആറരകിലോമീറ്റർ ചുറ്റളവിൽ സൈന്യത്തെ ഇതിനോടകം ഫ്രഞ്ച് സർക്കാർ വിന്യസിച്ചിട്ടുണ്ട്. അതിനിടെ ഒളിമ്പിക്‌സ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽവേ ശ്രഖലയ്ക്ക് നേരെ വെള്ളിയാഴ്ച വ്യാപക ആക്രമണം ഉണ്ടായി.
പലയിടത്തും റെയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ചത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാരീസ് നഗരത്തിൽ കൂടുതൽ സുരക്ഷയൊരുക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ തീരൂമാനം.
പ്രതീക്ഷയോടെ ഇന്ത്യ
ഇന്ത്യയിൽ നിന്ന് 117 അംഗ സംഘമാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ പതാകയേന്തി ടേബിൾ ടെന്നീസ് താരം അചന്ത ശരത്കമലും പി.വി സിന്ധുവുമാകും മുന്നിലുണ്ടാകും. 45 മിനിറ്റ് മാത്രമാകും ഇന്ത്യൻ സംഘം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സെൻ നദിയിൽ ബോട്ടിൽ ചെലവഴിക്കുകയുള്ളു.
2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ ഏഴ് മെഡലുകളുടെ റെക്കോർഡ് തിരുത്തി ഇത്തവണ എക്കാലത്തെയും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.അമ്പെയ്ത്ത്,ബാഡ്മിൻറൺ, ബോക്സിങ്, ഹോക്കി,റോവിങ്, ഷൂട്ടിങ്, ടേബിൾ ടെന്നീസ്, ടെന്നീസ് തുടങ്ങി 16 മത്സരയിനങ്ങളിൽ ഇന്ത്യൻ സംഘം മാറ്റുരയ്ക്കും.നീരജ് ചോപ്ര, പിവി സിന്ധു, മീരാഭായ് ചാനു തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
എവിടെ കാണാം
ജൂലൈ 26 മുതൽ ഔദ്യോഗികമായ ആരംഭിക്കുന്ന ഒളിമ്പിക്സ് ജിയോസിനിമയിൽ കാണാം. പാരീസ് ഒളിമ്പിക്‌സ് തത്സമയ സ്ട്രീമിങ് സൗജന്യമായാണ് ജിയോസിനിമയിൽ ലഭിക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സ്ട്രീമിങ് ലഭ്യമാകും. സ്പോർസ് 18 ചാനലുകളും ഒളിമ്പിക്സ് തൽസമയം സംപ്രേഷണം ചെയ്യും.
Read More
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്