തൃശൂർ > തൃശൂരിൽ ബിജെപിക്ക് കോഴിമുട്ട കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, അവിടെ സീറ്റ് കിട്ടി പകരം കോഴിമുട്ട കിട്ടിയത് കേരളത്തിനെന്ന് കെ മുരളീധരൻ. ബജറ്റിൽ കേരളത്തിനായി ഒന്നും ഇല്ലാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുരളീധരന്റെ മറുപടി. തൃശൂർകാർ പലതും പ്രതീക്ഷിച്ച് സുരേഷ്ഗോപിക്ക് വോട്ട് കൊടുത്ത് വിജയിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ ഗ്യാരണ്ടി ഗ്യാരണ്ടിയല്ലെന്നും പാഴ്വാക്കാണെന്നും മുരളീധരൻ പറഞ്ഞു. ‘കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നായി 60 ലോക്സഭാ മണ്ഡലനങ്ങളുണ്ട്. അതിൽ ആകെ ഒരു സീറ്റിലാണ് ബിജെപി ജയിച്ചത്. ആ ഒരു സീറ്റിനോട് പോലും നീതി പുലർത്താൻ അവർക്ക് സാധിക്കുന്നില്ല. രണ്ട് വർഷം മുൻപ് എയിംസിന് വേണ്ടി സബ്മിഷൻ കൊടുത്തപ്പോൾ പരിഗണനയിലുണ്ട് എന്നാണ് മറുപടി ലഭിച്ചത്. അന്ന് മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ചപ്പോഴും കേരളത്തിന് മാത്രം തന്നില്ല. സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങൾ ശരിയായതാണ് എന്നിട്ടും കേരളത്തെ മാത്രം അവഗണിക്കുകയാണ്.’ മുരളീധരൻ പറഞ്ഞു.