അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം ഗംഗാവലി പുഴയിൽ തിരച്ചിൽ ആരംഭിക്കാനായിട്ടില്ല. ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ശക്തമായ മഴയും കാറ്റും കാരണം വേണ്ടവിധം മുന്നോട്ട് കൊണ്ടു പോകാനായില്ല. അങ്കോളയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്.
പുഴയിൽ ട്രക്കുണ്ടെന്ന വിവരം ബുധൻ വൈകിട്ട് കിട്ടിയതോടെ, വ്യാഴം പകൽ ട്രക്കിനടുത്ത് എത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ട്രക്കും കാബിനും ഉണ്ടെന്ന് പറയുന്ന ഭാഗം കണ്ടെത്തിയതല്ലാതെ കൃത്യമായി അടയാളപ്പെടുത്താനായിട്ടില്ല. മനുഷ്യസാന്നിധ്യം ഉണ്ടോ എന്നറിയാനുള്ള ഡ്രോൺപരിശോധനയിലും ഫലം കണ്ടില്ല. അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ നാവികസേനയുടെ മുങ്ങൽവിഗദ്ധർക്ക് പുഴയിലിറങ്ങി ക്യാബിനകത്ത് അർജുൻ ഉണ്ടോ എന്ന് തിരയാൻ കഴിയൂ. നിലവിൽ നാല് നോട്ടാണ് അടിയൊഴുക്ക്. 2-3 നോട്ടായാൽ മാത്രമേ സുരക്ഷിതമായി ഡൈവ് ചെയ്ത് പരിശോധന നടത്താനാകൂ. രക്ഷാദൗത്യത്തിനായി മത്സ്യബന്ധ ബോട്ടുകൾ ഷിരൂരിലെത്തിച്ചു. നാവികസേനയുടെ നിർദേശ പ്രകാരമാണ് ബോട്ടെത്തിയത്. അടിയൊഴുക്ക് കുറഞ്ഞാലുടൻ പുഴയിലേക്കിറങ്ങും. കൂടുതൽ മുങ്ങൽവിദഗ്ധർ കാർവാറിൽ സജ്ജമാണെന്ന് നേവി അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഇന്നുതന്നെ ലോറി പുറത്തെടക്കുമെന്ന് രക്ഷാസംഘം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും.