മുംബൈ
മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന ഭരണമുന്നണിയില്‍ അസ്വാരസ്യം പടരുന്നതിനിടെ എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ഡല്‍ഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയുടെ പ്രകടനം ദയനീയമായിരുന്നു. ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് അജിത് പവാര്‍ അമിത് ഷായെ സന്ദര്‍ശിച്ചത്. ഈ മാസം 28ന് വീണ്ടും കൂടിക്കാഴ്ച നടത്തും. അജിത് പവാറിനൊപ്പമുള്ള ചില എന്‍സിപി എംഎല്‍എമാര്‍ ശരദ് പവാറിന്റെ ചേരിയിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അജിത് പവാറിനെ മുന്നണിയുടെ ഭാഗമാക്കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമെന്ന് ആര്‍എസ്എസ് പരസ്യ നിലപാട് എടുത്തിട്ടുണ്ട്. ലോക്സഭയില്‍ നാല് സീറ്റിൽ മത്സരിച്ച അജിത് പവാര്‍ പക്ഷം ജയിച്ചത് ഒരിടത്തുമാത്രം. അജിത് പവാറിന്റെ ഭാര്യ സുനേത്ര ബരാമതിയില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയോട് തോറ്റു.ഭരണമുന്നണിയിലുള്ള ശിവസേന ഷിന്‍ഡേ പക്ഷത്തിലും തര്‍ക്കം തലപൊക്കിയിട്ടുണ്ട്.