ന്യൂഡൽഹി> പ്രക്ഷുബ്ധമായ അന്തരീക്ഷത്തെത്തുടർന്ന് ജൂലൈ മാസത്തിൽ ആദ്യം സ്പെയിനിൽ നിന്ന് ഉറുഗ്വേയിലേക്ക് യാത്ര ചെയ്ത എയർ യൂറോപ്പ വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു. ഏതാനും ആഴ്ചകൾക്കു മുൻപ് ലണ്ടനിൽ നിന്നും സിംഗപൂരിലേക്ക് പുറപ്പെട്ട സിംഗപൂർ എയർലൈൻസ് വിമാനത്തിനും സമാനമായ അപകടം നേരിടേണ്ടി വന്നു. യാത്രക്കാർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. സംഭ്രമത്തെ തുടർന്ന് ഹൃദയാഘാതം നേരിട്ടതിനാലാണ് മരണം എന്നാണ് വിശദീകരിക്കപ്പെട്ടത്.
എയർ ടർബുലൻസ് എന്നാണ് പറക്കലിനിടെ വിമാനങ്ങൾ അകപ്പെടുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. വ്യോമയാന സർവീസ് രംഗത്ത് ഇത് സാധാരണമാണ്. സ്ഥിരം യാത്രികർക്ക് ഇത്തരം മുന്നറിയിപ്പുകൾ ലഭിക്കുന്നതും അനുഭവമാണ്. പറക്കലിനിടയിൽ തന്നെ ടർബുലൻസ് മുൻകൂട്ടി കണ്ട് പൈലറ്റുമാർ സീറ്റ് ബെൽറ്റ് മുറുക്കാൻ നിർദ്ദേശം നൽകാറുണ്ട്. വസ്തുക്കൾ തകർന്ന് വീണും കുലുക്കത്തെ തുടർന്ന് വീഴ്ചയിലുമാണ് പലപ്പോഴും യാത്രികർക്ക് ടർബുലൻസ് ഉണ്ടാവുമ്പോൾ പരിക്കേൽക്കേൽക്കുന്നത്.
കാലാവസ്ഥ മാറുന്നു, പ്രക്ഷുബ്ധത തീവ്രസ്വഭാവം കൈവരിക്കുന്നു
ശക്തമായ അന്തരീക്ഷ പ്രക്ഷുബ്ധത വിരളമാണ്. എന്നാൽ സമപകാലത്തുണ്ടായ ഈ സംഭവങ്ങൾ യാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. കാലാവസ്ഥാ വ്യതിയാനം വിമാന പ്രക്ഷുബ്ധതയുടെ സംഭവവും തീവ്രതയും വർദ്ധിപ്പിക്കുന്നതായി ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോളതാപനം മൂലമുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനങ്ങൾ ഈ എയർലൈൻ വ്യവസായത്തെ സാരമായി ബാധിക്കാനിടയുണ്ട് എന്നാണ് വിലയിരുത്തുന്നത്.
വിമാനത്തിനുള്ളിലെ പ്രക്ഷുബ്ധതയ്ക്കുള്ള മൂന്ന് അടിസ്ഥാന കാരണങ്ങൾ ഭൂപ്രദേശങ്ങളുടെ സ്വാധീനം, ഇടിമിന്നൽ, വായു പ്രവാഹങ്ങൾ എന്നിവയാണെന്ന് ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എയറോനോട്ടിക്സ് ഇൻസ്ട്രക്ടറും ബി-777 പൈലറ്റുമായ ഷെം മാൽക്വിസ്റ്റ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഈ മൂന്ന് ഘടകങ്ങളെയും ബാധിക്കുന്നു എന്നതാണ് ഈ സാഹചര്യത്തെ പരസ്പരം ബന്ധപ്പെടുത്തുന്നത്.
വിമാനങ്ങൾക്ക് അകത്ത് തന്നെ ഇത് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. വിമാനത്തിന്റെ കുലുക്കം പല രീതിയിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകി നേരിടാറാണ് പതിവ്. എന്നാൽ ഇവയുടെ തീവ്രത വർധിക്കുന്ന സാഹചര്യമാണ് കൂടുതൽ കരുതൽ ആവശ്യപ്പെടുന്നത്. പറക്കലിന് ഇടയിൽ സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടാൽ പലരും അനുസരിക്കാതെ വിടുന്നതും കാണാം. സുരക്ഷാ മുന്നറിയിപ്പുകൾക്ക് വിലയേറുകയാണ് എന്നതാണ് ഇപ്പോഴത്തെ സാഹചര്യം പ്രവചിക്കുന്നത്.