അങ്കോള > അർജുന്റെ ലോറി കണ്ടെത്താനായി ഡ്രോൺ പരിശോധന ആരംഭിച്ചു. പരിശോധന ആരംഭിച്ചാൽ ഒരു മണിക്കൂറിനകം വിവരം ലഭിക്കുമെന്നാണ് ദൗത്യസംഘം തലവന്‍ മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ അറിയിക്കുന്നത്. ലോറി കിടക്കുന്നത് എങ്ങനെയെന്ന് കൃത്യമായി നിർണയിക്കാൻ ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. 20-30 മീറ്റർ ആഴത്തിലുള്ള ലോഹ സാന്നിധ്യം കണ്ടെത്താനാകും.
നേരത്തെ 12 മണിക്കായിരുന്നു പരിശോധന നിശ്ചയിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും രാജധാനി എക്സ്പ്രസില്‍ ഐബോഡിനായുള്ള ബാറ്ററി കൊണ്ടുവന്നത് പ്രതീക്ഷിച്ചതിലും ഒരുമണിക്കൂർ വൈകിയാണ്.
സിഗ്നൽ നഷ്ടപ്പെടാതിരിക്കാൻ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലം കൃത്യമായാൽ ഡീപ് ഡൈവ് നടത്താനാണ് പദ്ധതി. എന്നാൽ ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുന്നുണ്ട്. മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാനാകുന്ന സ്ഥിതി അല്ലെന്നാണ് രാവിലെ പുഴയിൽ പരിശോധന നടത്തിയ നേവി അറിയിച്ചത്.ഡൈവിങ് സംഘം പ്രദേശത്ത് തുടരുന്നുണ്ട്. തിരച്ചിലിനായി കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടറും സ്ഥലത്തുണ്ട്.