അങ്കോള> മണ്ണിടിച്ചിലില് കാണാതായ അര്ജുനെ കണ്ടെത്താനുള്ള തിരച്ചിലിനിടെ അര്ജുന്റേതെന്ന് കരുതുന്ന
ലോറി നദിക്കടിയില് കണ്ടെത്തിയതായി കര്ണാടക റവന്യു മന്ത്രി. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു.
പുഴയോരത്തുനിന്ന് 20 മീറ്റര് മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഡീപ് സെര്ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള് ഉപയോഗിച്ചായിരുന്നു തിരച്ചില്. നിലവില് നദിയുടെ കരയോട് ചേര്ന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റര് ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത്
ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കില് രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.
കഴിഞ്ഞ ഒന്പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള് ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്.ഡി.ആര്.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്ത്തകരുമാണ് രക്ഷാപ്രവര്ത്തനത്തില് പങ്കെടുത്തത്. കേരളത്തില്നിന്നുള്ള പോലീസ്, മോട്ടോര് വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.
കഴിഞ്ഞ എട്ടിനാണ് അര്ജുന് അക്വേഷ്യ തടിയെടുക്കാനായി കര്ണാടകത്തിലേക്ക് പോയത്. ലോറിയില് ഒറ്റയ്ക്കായിരുന്നു യാത്ര. 15ന് രാത്രി ഒമ്പതിന് ഭാര്യയെ വിളിച്ചിരുന്നു. രാവിലെ ഏഴരയ്ക്ക് വിളിച്ചപ്പോള് റിങ് ചെയ്തിരുന്നു. എന്നാല് ഒമ്പതോടെ അമ്മ വിളിച്ചപ്പോള് ഫോണ് ഓഫായിരുന്നു.
ഷീലയുടെയും പ്രേമന്റെയും നാലു മക്കളില് രണ്ടാമനാണ് അര്ജുന്. സഹോദരന് അഭിജിത്ത്, സഹോദരി ഭര്ത്താവ് ജിതിന്, ലോറി ഉടമ പന്തീരാങ്കാവ് സ്വദേശി മുനീഫ് എന്നിവര് 17 മുതല് ദുരന്തസ്ഥലത്തുണ്ട്. ലോറിയുടെ അവസാന ജിപിഎസ് ലൊക്കേഷന് ഉള്പ്പെടെ കര്ണാടകം അധികൃതര്ക്ക് കൈമാറിയെങ്കിലും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കുടുംബം തുടക്കത്തില് പറഞ്ഞിരുന്നു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാര്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന് എന്നിവര് കുടുംബവുമായി സംസാരിക്കുകയും ചെയ്തു.