ആഡിസ് അബബ> തെക്കന് എത്യോപ്യയിലെ മലയോര മേഖലയിലുണ്ടായ ഉരുള്പൊട്ടലില് 200ലേറെപ്പേര് മരിച്ചു. എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ എത്യോപ്യയുടെ പർവതപ്രദേശമായ ഗോഫയിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. പിന്നീട് ഇവിടെ ഓടിക്കൂടിയ ആളുകളുടെ മേൽ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
മരിച്ചവരില് 148 പുരുഷന്മാരെയും 81 സ്ത്രീകളെയും തിരിച്ചറിഞ്ഞതായി കെഞ്ചോ ഷാച് അധികൃതര് അറിയിച്ചു. ദുരന്തത്തെ തുടര്ന്നുള്ള രക്ഷാപ്രവര്ത്തനങ്ങള് ഇപ്പോഴും തുടരുകയാണെന്ന് ഗോഫ സോണ് കമ്മ്യൂണിക്കേഷന് ഓഫീസ് മേധാവി കസഹുന് അബയ്നെ പറഞ്ഞു. രക്ഷാപ്രവര്ത്തകര് ചെങ്കുത്തായ ഭൂപ്രദേശത്ത് തിരച്ചില് നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നിരവധി പേര് അപകടത്തില്പ്പെട്ടതായാണ് റിപ്പോര്ട്ട്. ചെളി നിറഞ്ഞ മണ്ണില് നിന്ന് അഞ്ച് പേരെയെങ്കിലും ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്ന് അയേലെ പറഞ്ഞു.
എത്യോപ്യയില് മഴക്കാലത്ത് മണ്ണിടിച്ചില് ഉണ്ടാവാറുണ്ട്. ജൂലൈയില് മുതല് സെപ്റ്റംബര് പകുതി വരെ ഇവിടെ അപകടങ്ങള് തുടര്ച്ചയായി ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ ഉരുൾപൊട്ടൽ എത്യോപ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണെന്നാണ് റിപ്പോര്ട്ട്.
തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ (199 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേൺ നേഷൻസ്, നാഷണാലിറ്റിസ് ആൻഡ് പീപ്പിൾസ് റീജിയൺ (എസ്എൻഎൻപിആർ) എന്നറിയപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഭാഗമാണ് ഗോഫ.