ന്യൂഡൽഹി
ഭരണം താങ്ങിനിർത്തുന്ന ഘടകകക്ഷികളെയും കോർപറേറ്റുകളെയും മാത്രം പരിഗണിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. സര്ക്കാരിന്റെ നിലനില്പ്പിനെ സഹായിക്കുന്ന പ്രഖ്യാപനങ്ങള് ബജറ്റില് നിറഞ്ഞപ്പോള് അവഗണിക്കപ്പെട്ടത് പ്രതിപക്ഷ പാര്ടികള് ഭരിക്കുന്ന സംസ്ഥാനങ്ങൾ. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും നിക്ഷേപ മുരടിപ്പുമുൾപ്പടെ അടിസ്ഥാന പ്രശ്നങ്ങൾ നേരിടാൻ ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഏഴാം ബജറ്റിൽ സ്വീകരിച്ചത് കണ്ണിൽ പൊടിയിടൽ തന്ത്രം.
ജെഡിയുവിനെയും ടിഡിപിയെയും കൂടെനിർത്താൻ ബിഹാറിനും ആന്ധ്രപ്രദേശിനും കൈയയച്ച് സഹായം. രാഷ്ട്രീയ ലക്ഷ്യത്തോടെ ഒഡിഷ, ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്കും പരിഗണന. ആന്ധ്രപ്രദേശിനെ കിഴക്കൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ വിചിത്ര നടപടിയും. വിദേശ കോർപറേറ്റ് കമ്പനികളുടെ നികുതി 40ല് നിന്ന് 35 ശതമാനമായി കുറച്ചു. തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയുടെ ഭാഗമായി കോർപറേറ്റുകൾക്ക് കൂടുതൽ സബ്സിഡി ലഭിക്കുന്ന സംവിധാനം കൊണ്ടുവന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും സമ്പദ്ഘടനയുടെ ജീവനാഡിയുമായ റെയിൽവേയെ സ്പർശിക്കാതെയായിരുന്നു ബജറ്റ് പ്രസംഗം. തൊഴിൽ, നൈപുണ്യവികസനം, ചെറുകിട–- ഇടത്തര–-സൂക്ഷ്മ സംരംഭങ്ങൾ, മധ്യവർഗം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
അടിസ്ഥാനസൗകര്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ പദ്ധതികളിലും പക്ഷപാതം കാണിച്ചു. ‘വികസിത് ഭാരത്’ ലക്ഷ്യത്തിന്റെ ഭാഗമായി ഒമ്പത് മുൻഗണനാമേഖലകൾ അവതരിപ്പിച്ചെങ്കിലും സർക്കാരിന്റെ ചെലവുകൾ ചുരുക്കുകയാണ്. വ്യക്തിഗത ആദായനികുതി ഘടനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി. മൂലധന ആദായനികുതികൾ വർധിപ്പിച്ചു. 2024–-25ൽ ധനകമ്മി 4.9 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായി കുറയ്ക്കാനാണ് ശ്രമം.
പുരോഗതിയിലേക്ക് നയിക്കുന്ന ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. മോദിയുടെ ‘കസേര രക്ഷിക്കാനുള്ള ബജറ്റ്’ എന്ന് പ്രതിപക്ഷ കക്ഷികൾ പ്രതികരിച്ചു.