ന്യൂഡൽഹി> ദേശീയ പ്രവേശന പരീക്ഷാ ഏജൻസി (എൻ ടി എ) നടത്തിയ നീറ്റ് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോർച്ചയ്ക്ക് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ നടത്തിപ്പിൽ വീഴ്ച പറ്റിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല. പുനപരീക്ഷ നടത്തിയാൽ 24 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് കോടതിചൂണ്ടിക്കാണിച്ചു. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.