ന്യൂഡൽഹി > എല്ലാ അർഥത്തിലും നിരാശാജനകമായ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് കെ രാധാകൃഷ്ണൻ എംപി. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാൻ കഴിയില്ലെന്നും കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമാണെന്നും എംപി പറഞ്ഞു.
തങ്ങൾക്കിഷ്ടമുള്ളവരെ സഹായിക്കുക, ബാക്കിയുള്ളവരെ തള്ളിക്കളയുക, സമ്മർദ്ദത്തിന് വഴങ്ങി കാര്യങ്ങൾ ചെയ്യുക എന്നുള്ള ഒരു സമീപനമാണ് ബജറ്റിൽ കാണുന്നത്. അതുപോലെ ചില സമ്മർദ്ദ തന്ത്രമുപയോഗിച്ച ചില സംസ്ഥാനങ്ങൾക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളം പോലെയുള്ള സംസ്ഥാനങ്ങളോടെ പൂർണ അവഗണനയാണ് ഉണ്ടായത്. 24,000 കോടി രൂപയുടെയെങ്കിലും അധിക പാക്കേജ് നൽകണമെന്ന് സംസ്ഥാനം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. പല തരത്തിലുള്ള ദുരന്തങ്ങളെ നേരിട്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്നുണ്ട്. അത് കേന്ദ്രം വരുത്തിവച്ച വിനയാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിൽ കാർഷികമേഖലയടക്കം നിരവധി പ്രശ്നങ്ങൾ നേരിട്ടു. അതുകൊണ്ട് ഇന്നലെ തന്ന പാർലമെന്റിൽ സീറോ അവറിൽ കേരളം നേരിടുന്ന ദുരിതങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. അതിനോടുള്ള കേന്ദ്രത്തിന്റെ സമീപനം എന്താണെന്ന് ഇപ്പോൾ വ്യക്തമായി. വെള്ളപ്പൊക്കമുണ്ടാകുന്ന സംസ്ഥാനങ്ങളെ സഹായിക്കേണ്ടതാണ്. പല സംസ്ഥാനങ്ങളെയും സഹായിച്ചിട്ടുമുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ നേടാൻ മുൻകരുതലെടുക്കാൻ വേണ്ടി പോലും പല സംസ്ഥാങ്ങളെയും സഹായിച്ച കേന്ദ്രം വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോട് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ള ദേശീയ ബജറ്റാണിത്. ചില വ്യത്യസ്ത താൽപര്യങ്ങൾക്ക് വേണ്ടിയാണ് ബജറ്റിനെ ഉപയോഗപ്പെടുത്തുന്നത്. ഞങ്ങളുടെ കൂടെ നിൽക്കാത്തവരെ ദ്രോഹിക്കും, അവരെ അവഗണിക്കും, അവർക്ക് ഒന്നും നൽകില്ല എന്നുള്ള സമീപനമാണ് ബജറ്റിൽ കാണുന്നത്.
കേരളത്തിന് കഴിഞ്ഞ 10 വർഷമായി പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ല. വർഷങ്ങളായി നമ്മൾ ആവശ്യപ്പെടുന്ന പദ്ധതികളോടെല്ലാം അവഗണനയാണ്. ഇത്തവണയെങ്കിലും അതിന് മാറ്റം വരുമെന്ന് കരുതിയിരുന്നു. കേരളത്തിൽ ബിജെപിക്ക് സീറ്റ് ഇല്ലാത്തതിനാലാണ് അവഗണന എന്നാണ് മുമ്പ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ കേരളത്തിൽ നിന്ന് ഒരു ബിജെപി എംപി ഉണ്ടായിട്ടുപോലും കേരളത്തെ പരിഗണിച്ചില്ല. പൂർണമായും അവഗണിച്ചു. റെയിൽവേയുടെ വികസനത്തിനോ ദേശീയ പാത വികസനത്തിനോ ഒന്നും കേന്ദ്രം ഒന്നും ചെയ്തിട്ടില്ല. വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് കേരളം ചിലവാക്കുന്നത്. അതുപോലെ ക്ഷേമ പെൻഷനുകൾക്കായി കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളത് കോടിക്കണക്കിന് രൂപയാണ്. എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. ജിഎസ്ടി വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കേന്ദ്രം അംഗീകരിച്ചില്ല. തങ്ങൾക്ക് ഇഷ്ടമുള്ളവർക്കും തങ്ങളെ താങ്ങിനിർത്തുന്നവർക്കും മാത്രമായി ഞങ്ങൾ ബജറ്റിനെ പരിമിതപ്പെടുത്തും എന്ന് കേന്ദ്രം തെളിയിച്ചിരിക്കുകയാണ് ഈ ബജറ്റിലൂടെയെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.