കൊച്ചി: പാരീസ് ഒളിമ്പിക്സോടെ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷ്. എക്സിലൂടെയാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ‘ എന്നിൽ വിശ്വസിച്ചതിന് നന്ദി. ഒരു അധ്യായത്തിന് ഇവിടെ അവസാനം കുറിക്കുന്നു. ഒപ്പം പുതിയൊരു യാത്രയുടെ തുടക്കവും. രാജ്യാന്തര ഹോക്കിയിലെ എന്റെ അവസാന അങ്കത്തിൻറെ പടിക്കൽ നിൽക്കുമ്പോൾ, ഹൃദയത്തിൽ നിന്ന് പിന്തുണച്ച എല്ലാവർക്കും നന്ദി’-എക്സിൽ ശ്രീജേഷ് ഇങ്ങനെ കുറിച്ചു.
തകർച്ചയുടെ വക്കിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിനെ വിജയത്തിലേക്ക് കരപിടിച്ചുയർത്തിയതിൽ നിർണായകമായിരുന്നു മുപ്പത്താറുകാരനായ ശ്രീജേഷിന്റെ സാന്നിധ്യം. ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായും ഗോൾക്കീപ്പറായും തിളങ്ങിയ ശ്രീജേഷ് 2016ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിലെയും ചാലകശക്തിയായി. 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചതും ശ്രീജേഷിൻറെ കൈക്കരുത്തായിരുന്നു.2004-ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയർ ടീമിലെത്തിയത്. 2006-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം.
2014,2018 ചാമ്പ്യൻസ് ട്രോഫിയിയിൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജേഷ് 2016ലെ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന് വെള്ളി മെഡൽ സമ്മാനിച്ച നായകനുമായി. 2016ലെ റിയോ ഒളിംപിക്സിൽ ശ്രീജേഷിൻറെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ക്വാർട്ടർ കടക്കാനായില്ലെങ്കിലും 2020ൽ വെങ്കലം നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത് ശ്രീജേഷിൻറെ മികവിലായിരുന്നു. ലോംഗ് ജംപ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.
Read More
- സഞ്ജു സാംസണ് അവസരം നഷ്ടപ്പെട്ടതിന് കാരണം ഇതാണ്; മറുപടിയുമായി അഗാർക്കർ
- രോഹിതിനും കോഹ്ലിക്കും 2027 ലോകകപ്പ് കളിക്കാം, പക്ഷെ…: ഗൗതം ഗംഭീർ
- ഒളിമ്പിക്സ് സംഘത്തിന് 8.5കോടിയുടെ സഹായവുമായി ബിസിസിഐ
- മിന്നും വിജയം; യുഎഇക്കെതിരെ 72 റൺസ് വിജയവുമായി ടീം ഇന്ത്യ
- പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്
- പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്
- ഒളിമ്പിക്സിന് ഇനി ദിവസങ്ങൾ മാത്രം; ലോകം പാരീസിലേക്ക്