ന്യൂഡൽഹി> കൻവർ യാത്രാ പാതയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടേയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കരുകളുടെ വിവാദ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന് ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സര്ക്കാര് നിര്ദേശങ്ങള് ചോദ്യം ചെയ്ത് സമര്പ്പിച്ച ഒരു കൂട്ടം ഹര്ജികളില് നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന വിവരം ഭക്ഷണശാലകള് പ്രദര്ശിപ്പിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഹോട്ടല് ഉടമകളുടേയും ജീവനക്കാരുടേയും പേര് വിവരങ്ങള് നിര്ബന്ധമായും കന്വര് യാത്ര പോകുന്ന വഴിയിലെ ഭക്ഷണശാലകളില് പ്രദര്ശിപ്പിച്ചിരിക്കണമെന്നും സംശയമില്ലാതിരിക്കാനാണ് ഇത്തരത്തില് ചെയ്യുന്നത് എന്നുമായിരുന്നു ഉത്തര്പ്രദേശ് സര്ക്കാര് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവാണ് സുപ്രീംകോടതി വിലക്കിയിരിക്കുന്നത്. ഉത്തരവ് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഇരു സംസ്ഥാനങ്ങളുടേയും നടപടി ചോദ്യം ചെയ്ത് ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദും മനുഷ്യാവകാശ പ്രവർത്തകൻ ആകർ പട്ടേലും ഞായർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മറ്റ് നിരവധി ഹർജികളും സുപ്രീംകോടതിയിലെത്തി.
യുപിയിലെ മുസഫര്നഗര് പോലീസാണ് കാന്വട് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തില് ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്. അതുപ്രകാരം, ഓരോ ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥര് ആരെന്ന് വെളിപ്പെടുത്താന് ബോര്ഡുകള് പ്രദര്ശിപ്പിക്കണം. ഇതിനെതിരെ പ്രതിഷേധങ്ങള് അരങ്ങേറിയ സാഹചര്യത്തില് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഹലാല് ഭക്ഷണം വിളമ്പുന്നവര്ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്കിയിരുന്നു.
ഇതിനെതിരെ എൻഡിഎ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളുമെല്ലാം പ്രതിഷേധം അറിയിച്ചിരുന്നു. മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്നും നാസി ജർമനിയെ ഓർമിപ്പിക്കുന്നതാൻ നടപടിയെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു. സഭയിലും ഇക്കാര്യം ഉയർത്തുമെന്നും അവർ അറിയിച്ചിരുന്നു.
ടിഎംസി എംപി മഹുവ മൊയ്ത്ര, പ്രശസ്ത രാഷ്ട്രീയ നിരൂപകനും ഡൽഹി യൂണിവേഴ്സിറ്റി അക്കാദമികനുമായ അപൂർവാനന്ദ് ഝാ, കോളമിസ്റ്റായ ആകാർ പട്ടേൽ എന്നിവരാണ് ഉത്തരവിനെതിരെ ഹർജി സമർപ്പിച്ചത്. മതപരമായ വിവേചനം ഉളവാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉത്തരവിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി, നിർദ്ദേശങ്ങൾക്ക് പിന്നിൽ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും വാദിച്ചു. പോലീസുകാർ തന്നെ വിഭജനശ്രമം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2024 ജൂലൈ 18-ന്, കൻവർ യാത്രയ്ക്കായുള്ള ഉത്തരവ് പുറപ്പെടുവിച്ചത് മുസാഫർനഗർ കേന്ദ്രീകരിച്ച് മാത്രമായിരുന്നെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരുന്നു.