തിരുവനന്തപുരം > വിദേശകാര്യ വിഷയങ്ങൾ കോ–-ഓർഡിനേറ്റ് ചെയ്യാൻ സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ നിർദേശിച്ചത് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം 2014 ഒക്ടോബറിൽ തുടങ്ങിയ സ്റ്റേറ്റ് ഡിവിഷന്റെ കീഴിൽ സംസ്ഥാനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാൻ നിർദേശിച്ചതായി 2016 മെയ് 11ന് വിദേശ സഹമന്ത്രി വി കെ സിങ് ലോക്സഭയെ അറിയിച്ചിരുന്നു. ഇതു നിലനിൽക്കെയാണ് കേരളം കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കൈയേറുന്നതായുള്ള ബിജെപി ആരോപണം.
വിദേശകാര്യ മന്ത്രാലയത്തിൽ സ്റ്റേറ്റ് ഡിവിഷൻ രൂപീകരിക്കുമ്പോൾ സുഷമ സ്വരാജ് ആയിരുന്നു വിദേശമന്ത്രി. കയറ്റുമതി, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുക, കൂടുതൽ വിദേശ നിക്ഷേപവും വൈദഗ്ധ്യവും ആകർഷിക്കുക എന്നിവയാണ് സ്റ്റേറ്റ് ഡിവിഷന്റെ പ്രവർത്തനങ്ങൾ എന്നും വി കെ സിങ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് സംസ്ഥാനങ്ങളിലെ മിഡിൽ/സീനിയർ ലെവൽ ഓഫീസർമാർക്ക് വിദേശകാര്യ വിഷയങ്ങളിൽ പരിശീലനം നൽകി.
ഇന്ത്യൻ വിദേശ സർവീസിൽനിന്ന് വിരമിച്ച വേണു രാജാമണിയെ 2021 സെപ്തംബർ 15ന് കേരളം ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി വിദേശകാര്യ സഹകരണച്ചുമതലയിൽ നിയമിച്ചു. 2023 സെപ്തംബർ 28ന് ഐഎഎസ് ഉദ്യോഗസ്ഥനായ സുമൻ ബില്ലയ്ക്ക് അധികചുമതല നൽകി. അദ്ദേഹത്തിനു പകരമാണ് ഈ മാസം 15ന് കെ വാസുകിയെ ഈ ചുമതല ഏൽപിച്ചത്. ഇതാണ് കേരള സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചു എന്ന വാർത്ത വരുന്നതും ബിജെപി നേതാക്കൾ അത് ഏറ്റുപിടിച്ച് കേരളം ഭരണഘടന ലംഘിച്ചു എന്ന വിമർശനമുയർത്തുന്നതും. വിഷയത്തിൽ ഗവർണറോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിദേശ സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് വി മുരളീധരന്റെ പ്രതികരണം. ഹരിയാനയുൾപെടെ വിവിധ സംസ്ഥാനങ്ങളിൽ ഈ ചുമതലയിൽ പ്രത്യേകം ഉദ്യോഗസ്ഥനുണ്ട് എന്നറിയാതെയല്ല മുരളീധരന്റെ വിമർശനം.
വിദേശകാര്യ സെക്രട്ടറിയോ ?കാര്യമറിയാതെ പ്രതികരണം: വെട്ടിലായി ബിജെപി നേതാക്കൾ
തിരുവനന്തപുരം > സംസ്ഥാനത്തിന്റെ വിദേശകാര്യ വിഷയങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് വെട്ടിലായി ബിജെപി നേതാക്കൾ. വസ്തുതകൾ മനസിലാക്കാതെ ഒരു ഇംഗ്ലീഷ് പത്രം നൽകിയ വാർത്ത വിശ്വസിച്ചാണ് ബിജെപി നേതാക്കൾ പ്രതികരണവുമായി രംഗത്തുവന്നത്.
കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് 2014 മുതലാണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ‘വിദേശകാര്യ സഹകരണം’ എന്ന ഡിവിഷൻ രൂപീകരിച്ചത്. വേണു രാജമണി, സുമൻ ബില്ല എന്നിവർക്കുശേഷം യു വാസുകിക്ക് ചുമതല നൽകിയതിനെയാണ് ഇംഗ്ലീഷ് പത്രം ‘വിദേശകാര്യ സെക്രട്ടറി’യെ നിയമിച്ചു എന്ന രീതിയിൽ വാർത്ത നൽകിയത്. ഇത് വി മുരളീധരനും കെ സുരേന്ദ്രനും ഏറ്റെടുത്ത് പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുകയായിരുന്നു. ‘കേരളം പ്രത്യേക രാജ്യമോ’ എന്ന് ബിജെപി മുഖപത്രവും വാർത്ത നൽകി.
അബദ്ധം മനസിലാക്കിയിട്ടും തിരുത്താൻ ബിജെപി നേതാക്കൾ തയാറായിട്ടില്ല. കേരളത്തിന്റെ നടപടി ‘ഭരണഘടനാ വിരുദ്ധം’ എന്നാണ് വി മുരളീധരൻ ആവർത്തിക്കുന്നത്.