കുമളി > തിരുവിതാംകൂർ രാജഭരണകാലത്ത് രൂപംകൊണ്ട തേക്കടി വനമേഖലയ്ക്ക് 90വയസ്സ്. 1934-ൽ തിരുവിതാംകൂർ മഹാരാജാവാണ് തേക്കടി കൂടി ഉൾപ്പെടുത്തി നെല്ലിക്കാംപെട്ടി വനമേഖല പ്രഖ്യാപിക്കുന്നത്. പലതവണ വിസ്തൃതി വർധിപ്പിച്ചും പേരുമാറ്റിയും പെരിയാർ ടൈഗർ റിസർവ് നിലവിൽവന്നു. 925 ചതുരശ്രകിലോമീറ്ററുള്ള ഇന്ത്യയിലെ പ്രധാന കടുവാസങ്കേതമായി.
പെരിയാറിന്റെ ഉത്ഭവം തേക്കടി വനമേഖലയിലെ ശിവഗിരികുന്നുകളിൽനിന്നാണ്. സസ്യജന്തുജാലങ്ങളുടെ കലവറയാണ് തേക്കടി. സമുദ്രനിരപ്പിൽനിന്ന് 900മുതൽ 2300മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തോടെ തേക്കടി ദേശീയശ്രദ്ധനേടി.
പെരിയാർ ലെയ്ക്ക് റിസർവ്
പെരിയാർ തടാകത്തിന് പ്രാമുഖ്യം നൽകി 1899ൽ പെരിയാർ ലെയ്ക്ക് റിസർവ് പ്രഖ്യാപിച്ചു. 1933ൽ ബ്രിട്ടീഷുകാരനായ എച്ച്സിഎച്ച് റോബിൻസൺ തേക്കടിയിലെ ആദ്യ ഗെയിംവാർഡനായി. ഇദ്ദേഹത്തിന്റെ ശുപാർശയെ തുടർന്ന് 1934ൽ പെരിയാർ ലെയ്ക് റിസർവിനോടൊപ്പം കുറേ പ്രദേശങ്ങൾ ഉൾപ്പെടുത്തി നെല്ലിക്കാംപെട്ടി സംരക്ഷിത വനമേഖല പ്രഖ്യാപിച്ചു. 1950ൽ കുറെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് പെരിയാർ വന്യജീവി സങ്കേതം പ്രഖ്യാപിച്ചു. 777 ചതുരശ്ര കിലോമീറ്ററായിരുന്നു വിസ്തൃതി. 2012ൽ നിത്യഹരിത മേഖലയായ റാന്നി ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ച് കൂടി ചേർന്നതോടെ 925 ചതുരശ്ര കിലോമീറ്ററായി.
തേക്കടി കടുവാസങ്കേതം
1978ൽ കടുവാസങ്കേതമായി പ്രഖ്യാപിച്ചു. 1982ൽ നാഷണൽ പാർക്കായി. 1991ൽ എലിഫന്റ് പാർക്കായി. 1996ൽ രൂപീകരിച്ച എക്കോ ഡവലപ്മെന്റ് കമ്മിറ്റികൾ(ഇഡിസി)മുഖേന നിരവധി കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനം ലഭിക്കുന്നു. 2001ൽ പെരിയാർ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകൾ നിലവിൽവന്നു.
രണ്ടായിരത്തിലേറെ സസ്യജാലങ്ങളുണ്ട്. 171 ഇനം പുല്ലുകൾ, 320 ഇനം പക്ഷികൾ, 62 ഇനം സസ്തനികൾ, 155 ഇനം ഓർക്കിഡുകൾ, 145 ഇനം പുഷ്പങ്ങൾ, 30 ഇനം പാമ്പുകൾ, 38 ഇനം മത്സ്യങ്ങൾ, 91 ഇനം കുറ്റിച്ചെടികൾ എന്നിവയുമുണ്ട്. ലോകത്തിൽ മറ്റൊരിടത്തും കാണാത്ത കല്ലൊട്ടി ഉൾപ്പെടെ നാലിനം മത്സ്യങ്ങളും മൂന്നിനം പുഷ്പിത സസ്യങ്ങളും തേക്കടിയിലുണ്ട്.
1971-–78ൽ വിനോദസഞ്ചാരവികസന പദ്ധതികൾ തുടങ്ങി. തേക്കടി സന്ദർശിച്ച മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നിർദേശത്തെ തുടർന്ന് തടാകത്തിനുസമീപം ഹോട്ടൽ ആരണ്യനിവാസ് നിർമിച്ചു. 2012ൽ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമി(യുഎൻഡിപി)ന്റെ അന്തർദേശീയ ജൈവവൈവിധ്യഅവാർഡ് പെരിയാർ വന്യജീവിസങ്കേതത്തിന് ലഭിച്ചു. ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങളും തേക്കടിക്ക് ലഭിച്ചു.